Timely news thodupuzha

logo

കുരുമ്പിനാംപാറ ജുമാമസ്ജിദ് റോഡ്: മാസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് തകർന്ന് തരിപ്പണമായി

കോതമംഗലം: ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം നിർമ്മാണം പൂർത്തിയാക്കിയ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 17ആം വാർഡിൽ കുരുമ്പിനാംപാറ ജുമാമസ്ജിദ് റോഡിന്റെ കോൺക്രീറ്റ് തകർന്ന് മെറ്റൽ ഇളകി തകർന്ന് തരിപ്പണമായി.

വർഷങ്ങളായി ടാറിംഗ് തകർന്ന് കുണ്ടും കുഴിയുമായി കിടന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായ സാഹചര്യത്തിലാണ് ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് നിർമ്മാണത്തിന് നടപടിയായത്. എന്നാൽ റീടാറിംഗ് നടത്തിയ റോഡിലെ ഏറ്റവും തകർന്ന ഭാഗത്ത് 50 മീറ്ററിലധികം ദീർഘകാല നിലനില്പിനായി കോൺക്രീറ്റിംഗ് നടത്തുകയായിരുന്നു.

ആനുപാതികമായ മെറ്റീരിയൽസ് ഉപയോഗിക്കാതെ നിർമ്മാണ പ്രവൃത്തിയിൽ ക്രമക്കേട് നടത്തിയതാണ് റോഡ് തകരാൻ കാരണം. ജുമാമസ്ജിദിലേക്കും മദ്രസ്സയിലേക്കും പരിസര വീടുകളിലേക്കും ദിനേന സഞ്ചരിക്കുന്ന നൂറുകണക്കിന് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും കോൺക്രീറ്റ് തകർന്ന് മെറ്റൽ ഇളകി കിടക്കുന്ന റോഡിലൂടെ സഞ്ചാരം ക്ളേശകരമാണ്.

നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ അധികാരികൾ ഇടപെടണമെന്നും റോഡ് നിർമ്മാണത്തിലെ അഴിമതിക്കാരെ നിയമത്തിന് മുന്നിൽ എത്തിച്ച് തകർന്ന റോഡ് പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി. പ്രവർത്തകർ ബഹുജനങ്ങളോടൊപ്പം സമര രംഗത്തിറങ്ങാൻ കുരുമ്പിനാംപാറ യൂണിറ്റ് യോഗം തീരുമാനിച്ചു.

ഷിയാസ് കുരുമ്പിനാംപാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദർ ആട്ടായം, സെക്രട്ടറി അഷറഫ് ബാവ, എം.എം ഷിഹാബ്, കെരീം, ബഷീർ, റമിൻസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *