Timely news thodupuzha

logo

ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവീസുകൾക്ക് മികച്ച പ്രതികരണമെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകൾ എല്ലാ ബസ് സ്റ്റാൻഡിലും കയറിയിറങ്ങി സമയം കളയുന്നതൊഴിവാക്കാൻ ആരംഭിച്ച ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവീസുകൾക്ക് മികച്ച പ്രതികരണമെന്ന് കെ.എസ്.ആർ.ടി.സി.

നിലവിൽ 169 ട്രിപ്പുകൾ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റായി സർവ്വീസ് നടത്തുന്നു. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്കോ അതിനപ്പുറമോ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകൾ കൂടുതൽ വേഗത്തിൽ സുരക്ഷിതമായി ലക്ഷ്യ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിനായാണ് ഗതാഗത മന്ത്രിയുടെ നിർദേശാനുസരണം സൂപ്പർ ഫാസ്റ്റുകളെ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് സർവീസുകളായി ക്രമീകരിച്ചത്.

എംസി റോഡ് വഴി സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസുകളിലെ ഡെസ്റ്റിനേഷൻ ബോർഡിൽ പച്ച പ്രതലത്തിലും, ദേശീയ പാത വഴി സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ്‌ ബസുകളിൽ മഞ്ഞ പ്രതലത്തിലും LS -1/LS – 2 SFP – ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടാവും. രണ്ടിനം ബസുകളിലും എൻ.എച്ചിലും എംസി റോഡിലും കയറേണ്ടതും കയറേണ്ടതില്ലാത്തതുമായ ഡിപ്പോകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

ഈ സർവീസ് നടത്തുന്ന ബസുകളുടെ ഫുട്ട് ബോർഡുകൾക്ക് ഇടതു വശത്തും, യാത്രക്കാർ കാണുന്ന വിധത്തിൽ ബസിനുള്ളിലും കയറാത്ത ഡിപ്പോകളുടെ പേര് പ്രദർശിപ്പിച്ചിരിക്കും.

കയറാത്ത ഡിപ്പോകളുടെ സമീപമുള്ള നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിൽ ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഈ ബസുകൾ രാത്രികാലങ്ങളിൽ എല്ലാ ഡിപ്പോകളിലും കയറിപ്പോകുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *