പനാജി: ഗോവയിലെ പാലി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 ഓളം പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. കനത്ത മഴയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ 80തോളം പേർ വെള്ളച്ചാട്ടത്തിൽ കുടുങ്ങുകയായിരുന്നു. ഒഴിവ് ദിവസമായതിനാൽ രാവിലെ മുതൽ സത്താരി താലൂക്കിലെ താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മഴ കനത്തതോടെ വെള്ളത്തിന്റെ ഒഴുക്ക് പെട്ടെന്ന് വർധിക്കുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതോടെ സഞ്ചാരികൾ കുടുങ്ങി പോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 30 പേർ ഇപ്പോഴും വെള്ളച്ചാട്ടത്തിൽ കുടുങ്ങി കിടക്കുകയാണ് ഇവർക്കായി ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട്(നോർത്ത്) അക്ഷത് കൗശൽ പറഞ്ഞു.