കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജ് 24ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും. മെഡിക്കൽ കോളേജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കോന്നി മെഡിക്കൽ കോളേജിലേക്ക് ആദ്യമായി എത്തുന്ന മുഖ്യമന്ത്രിയെ നാട് ഒന്നാകെ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. രണ്ടാം ഘട്ട വികസനം – കിഫ്ബിയിൽ നിന്ന് അനുവദിച്ച 352 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പ്രധാനമായും 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടമാണ് നിര്‍മിക്കുന്നത്. നിലവിലെ 300 കിടക്കകളുള്ള കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധിപ്പിക്കുന്നതോടെ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കൽ കോളേജ് മാറും.ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അഞ്ച്, ആറ് നിലകളുള്ള ഹോസ്റ്റലിന്റെ നിർമാണവും അതിവേഗം നടക്കുന്നു.
ജൂണിൽ ഹോസ്റ്റലിൽ കുട്ടികളുടെ പ്രവേശനം സാധ്യമാക്കത്തക്ക നിലയിലാണ് പുരോഗമിക്കുന്നത്. 160 ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും താമസിക്കാൻ 11 നിലകളുള്ള ഫ്ലാറ്റിന്റെ നിർമാണവും അവസാന ഘട്ടത്തില്‍. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മോർച്ചറി, ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, പ്രിൻസിപ്പലിന് താമസിക്കാന്‍ വീട് എന്നിവയും സജ്ജമാകുന്നു.3.3 കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി ഓപ്പറേഷൻ തീയറ്റർ, പ്രസവ മുറി, വാർഡ് തുടങ്ങിയവ അത്യന്താധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പീഡിയാട്രിക്ക് ഐസിയുവും നിർമാണം കഴിഞ്ഞു. അഞ്ച് മോഡുലാർ ഓപ്പറേഷൻ തീയറ്ററുകൾ കെഎംഎസ്‌സി ആണ് ഏറ്റെടുത്ത് നിർമിക്കുന്നത്. 50 ശതമാനം നിർമാണം പൂർത്തിയായി. ഓക്‌സിജൻ പ്ലാന്റിൽ നിന്നും പൈപ്പ് ലൈനിലൂടെ ഓക്സിജൻ എത്തിക്കുന്ന മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ നിർമാണം 90 ശതമാനം പൂർത്തിയായി.