Timely news thodupuzha

logo

സംസ്ഥാന സർക്കാരിൻ്റെ തൊടുപുഴയോടുള്ള അവഗണന അവസാനിപ്പിക്കണം; കേരള കോൺഗ്രസ്

തൊടുപുഴ: സംസ്ഥാന സർക്കാരിൻ്റെ തൊടുപുഴയോടുള്ള അവഗണന അവസാനിപ്പിക്കുകയും വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം അഡ്വ ജോസഫ് ജോണും നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ ജോസി ജേക്കബും ആവശ്യപ്പെട്ടു.

പി.ജെ ജോസഫ് എം. എൽ. എ നിരന്തരം ആവശ്യപ്പെട്ടിട്ടും തൊടുപുഴയിലെ പല വികസന പ്രവർത്തനങ്ങളും സർക്കാർ മനപ്പൂർവ്വം തടസ്സപ്പെടുത്തുകയാണ്. തൊടുപുഴ മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാ​ഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭരണാനുമതിയും ഫണ്ടും ഉണ്ടായിട്ടും എസ്റ്റിമേറ്റ് പുതുക്കി നൽകി നിർമ്മാണം ആരംഭിക്കാൻ സർക്കാർ ഇനിയും തയ്യാറാകാത്തത് മനപ്പൂർവമായ അവഗണനയാണ്. തൊടുപുഴയിൽ ഒരു സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഉമ്മൻചാണ്ടി സർക്കാർ ഭരണാനുമതി നൽകിയിരുന്നെങ്കിലും തുടർ നടപടി സ്വീകരിക്കാത്തതും അവഗണനയാണ്.

മലങ്കര ടൂറിസം പ്രോജക്റ്റിന് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 103 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഈ പദ്ധതിയെ അവഗണിച്ച് ഭരണകക്ഷി എം.എൽ.എ മാരുടെ നിയോജക മണ്ഡലങ്ങളിലെ ടൂറിസം പദ്ധതികൾക്ക് വേണ്ടി കേന്ദ്രസർക്കാരിൽ മുൻഗണന മാറ്റി നൽകി. ഇത് മൂലം ഈ പദ്ധതിക്ക് ഇനിയും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് സർക്കാർ ഭരണാനുമതി നൽകിയ 28 കോടിയുടെ മുണ്ടേക്കല്ല് സിവിൽ സ്റ്റേഷൻ നിർമ്മാണം മനപ്പൂർവം താമസിപ്പിച്ചു. കേരളത്തിൽ എവിടെയെങ്കിലും വൈദ്യുതി ലഭ്യമായാൽ തൊടുപുഴയിൽ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്ന പുതിയ 440 കെ.വി സബ്സ്റ്റേഷൻ നിർമ്മാണം അട്ടിമറിച്ചു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടം വന്ന തൂക്കുപാലങ്ങളുടെ പുനർനിർമ്മാണം അട്ടിമറിച്ചു.

തൊടുപുഴ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സമഗ്രമായ പദ്ധതി നൽകിയെങ്കിലും യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല തൊടുപുഴയോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *