കൊച്ചി: ഛത്തീസ്ഗഢ്, ആന്ധ്ര, തെലങ്കാന, കൊൽക്കത്ത ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്‌ണൻ (63) അന്തരിച്ചു. അർബുദബാധിതനായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം തേവള്ളി മരാമത്ത് വീട്ടിൽ എൻ.ഭാസ്‌കരൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്. നിലവിൽ കൊച്ചി എളമക്കര ബിടിഎസ് റോഡിലാണ് താമസിക്കുന്നത്. 2004 ഒക്‌ടോബർ 14ന് കേരള ഹൈക്കോടതിയിൽ ജഡ്‌ജിയായ തോട്ടത്തിൽ ബി.രാധാകൃഷ്‌ണൻ പിന്നീട് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.
ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ വീഴ്‌ച വരുത്തിയാൽ അത്തരം പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ എന്നും ശ്രദ്ധിച്ചിരുന്ന ന്യായാധിപനാണ്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനും ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധസമിതിയുടെ അധ്യക്ഷനുമായിരുന്നു.