ലണ്ടൻ: ഇന്ത്യൻ ഹൈകമ്മിഷൻ ഓഫിസ്(ലണ്ടൻ) ആക്രമിച്ച കേസിൽ മെട്രൊപൊളിറ്റൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അന്വഷണം തുടരുകയാണ്.
കേസിൽ എൻ.ഐ.എ തിരിച്ചറിഞ്ഞവരിൽ ഒരാളാണ് പിടിയിലായിരിക്കുന്നത്. വിഘടനവാദി നിജ്ജാറിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട ക്യാനഡയുടെ ആരോപണത്തിൽ ഇന്ത്യക്കെതിരേ യു.കെ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യ ഹൗസിനു മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കവേയാണ് പ്രതി പിടിയിലായത്.
പ്രതിയുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് 19നാണ് ഇന്ത്യൻ ഹൈകമ്മിഷൻ ഖാലിസ്ഥാൻ വാദികൾ ആക്രമിച്ചത്.
ഇന്ത്യയുടെ ദേശീയ പതാക വലിച്ചു താഴ്ത്തുവാനും കെട്ടിടം തകർക്കാനും ശ്രമിച്ചു. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ഹൈ കമ്മിഷണറെ സ്കോട് ലാൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത് കുറ്റകൃത്യമല്ലെന്ന് സ്കോട് ലാൻഡ് പൊലീസ് വ്യക്തമാക്കിയതിനു പുറകേയാണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.