തൊടുപുഴ: മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒരുങ്ങി കഴിഞ്ഞു. ഭാരവാഹികൾ അറിയിച്ചു. 17ന് രാവിലെ ഇടത്താവളത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജും വൈകിട്ട് 6.30ന് ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.റ്റി.സി സ്പെഷ്യൽ സർവ്വീസിന്റെ ഉദ്ഘാടനം എം.എൽ.എ പി.ജെ ജോസഫും നിർവ്വഹിക്കും.
തഹസിൽദാർ എം.അനിൽകുമാർ, പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, കെ.എസ്.ആർ.റ്റി.സി ഡി.റ്റി.ഒ രാധാകൃഷ്ണൻ കെ.പി, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. കുടിവെള്ളം, ഭക്ഷണം താമസ സൗകര്യം മുതലായവ ക്ഷേത്രത്തിൽ ഒരുങ്ങി കഴിഞ്ഞു. ഭക്തർക്ക് ശബരിമലനട തുറക്കുന്നതും അടയ്ക്കുന്നതും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുവാൻ ഇൻഫർമേഷൻ സെന്ററും ഉണ്ടാകും. ആവശ്യം വന്നാൽ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തു.
ഭജന, ഭക്തിഗാനസുധ, അയ്യപ്പൻപാട്ട്, ചിന്ത്പാട്ട്, തുടങ്ങിയവ നടത്തുവാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടുനിറയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയട്ടുണ്ട്. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി കെ.കെ പുഷ്പാംഗദൻ, മാനേജർ ബി ഇന്ദിര, സി.സി കൃഷ്ണൻ, അഡ്വ. ശ്രീദേവി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.