കാർവാർ: കനത്ത മഴയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ മലയാളി ലോറി ഡ്രൈവർ അർജുൻ പന്ത്രണ്ടാം ദിവസവും കാണാമറയത്ത്.
ട്രക്കും ഗ്യാസ് ടാങ്കറും നദിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ പരിശോധനയിൽ ഇവയുടെ സ്ഥാനവും തിരിച്ചറിഞ്ഞു. എന്നാൽ, ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനായിട്ടില്ല.
ഈ സാഹചര്യത്തിൽ പ്രാദേശിക മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, എത്ര വൈദഗ്ധ്യമുള്ളവരാണെങ്കിലും അതിശക്തമായ ഒഴുക്ക് തുടരുന്നതിനാൽ നദിയിലിറങ്ങുന്നത് അപകടമാണെന്നാണ് അധികൃതർ പറയുന്നത്.
മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലാണ് നദിയിലെ അടിയൊഴുക്ക്. നദികളിലും കടലിലും പരിചയമുള്ള നാവികസേനാംഗങ്ങൾ വെള്ളിയാഴ്ച രണ്ട് തവണ പരിശോധനയ്ക്ക് ശ്രമിച്ചെങ്കിലും പിന്മാറേണ്ടി വന്നു. ഇതേത്തുടർന്നാണ് പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരീക്ഷണം.
ഇതിനിടെ, ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും എത്തിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇത് നദിയിൽ ഉറപ്പിച്ചാൽ പരിശോധന കൂടുതൽ എളുപ്പമാകുമെന്ന് കരുതുന്നു. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
കഴിഞ്ഞ 16നാണ് പൂനെയിൽ നിന്ന് കോഴിക്കോട്ടേക്ക് മരം കയറ്റിയ ലോറിയുമായി വന്ന അർജുൻ അപകടത്തിൽപ്പെട്ടത്. മലയിടിഞ്ഞതിനെ തുടർന്ന് പൻവേൽ – കന്യാകുമാരി ദേശീയപാത 66ലേക്ക് വീണ് കിടക്കുന്ന മണ്ണും പാറകളും മാറ്റാൻ ഇപ്പോഴും ശ്രമം തുടരുകയാണ്.