കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍.
സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചത്. സംഭവുമായി ബന്ധമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്.
നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തെ ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, നെടുമ്പാശ്ശേരി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും കേന്ദ്രീകരിച്ചായിരുന്നു വ്യാജപ്രചാരണം.
ജൂലൈ 18 മുതലുള്ള ദിവസങ്ങളില്‍ സിയാല്‍ നിയോഗിച്ചതെന്ന പേരില്‍ ഐഡി കാര്‍ഡ് ധരിച്ച് രണ്ടു പേര്‍ തദ്ദേശ സ്ഥാപനങ്ങളിലെത്തി. ആദ്യം സെക്രട്ടറിയെയും പിന്നെ ജനപ്രതിനിധികളെയും കണ്ടു.
തദ്ദേശ മേഖലകളിലെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് സോളാര്‍ ടെക്നീഷന്യന്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുവെന്നും, സ്വകാര്യ കമ്പനിയെയാണ് കോഴ്സ് നടത്താന്‍ ചുമതലപ്പെടുത്തിയതെന്നും, കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ജോലി ഉറപ്പാണെന്നും വാഗ്ദാനം ചെയ്തു.
സിയാലിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നടത്തുന്ന കോഴ്സിന് താത്പര്യമുള്ളവരുടെ പേര്‍ വിവരങ്ങള്‍ വേണമെന്നായിരുന്നു ആവശ്യം.
വ്യാജ പ്രചാരണത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വാട്സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിച്ചു. നിരവധി ചെറുപ്പക്കാര്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കുകയും ചെയ്തു.
ഇതിനിടെയാണ് സിയാല്‍ തന്നെ സംഭവം വ്യാജമാണെന്ന് പ്രസ്താവന ഇറക്കിയത്. തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വന്‍ തട്ടിപ്പിനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞതോടെ സന്ദേശങ്ങളും പരസ്യങ്ങളുമെല്ലാം പിന്‍വലിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. എറണാകുളം റൂറല്‍ പൊലീസിന് തെളിവു സഹിതം പരാതി നല്‍കുമെന്നും വ്യക്തമാക്കി.