
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായതിനു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യനില മോശമാണെന്ന് ആം ആദ്മി പാർട്ടി മന്ത്രി അതിഷി.
അറസ്റ്റിനു ശേഷം കെജ്‌രിവാളിന്‍റെ ഭാരം നാലര കിലോയോളം കുറഞ്ഞു. ജയിലിൽ പാർപ്പിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിഷി ആരോപിച്ചു. കെജ്‌രിവാളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിയമസാധ്യതകളിലേക്ക് തിരിയുകയാണ് ആം ആദ്മി പാർട്ടി.
പ്രമേയരോഗിയാണ് കെജ്‌രിവാൾ. മറ്റു ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. എന്നിട്ടും അദ്ദേഹം മുഴുവൻ സമയവും രാജ്യത്തെ സേവിക്കുന്നതിൽ സജീവമായി.
അറസ്റ്റിനു ശേഷം അദ്ദേഹത്തിന്‍റെ ഭാരം അസ്വാഭാവികമായി കുറഞ്ഞിരിക്കുന്നു. 12 ദിവസം കൊണ്ട് അദ്ദേഹത്തിന്‍റെ ഭാരം നാലര കിലോയോളം കുറഞ്ഞു. അതു വളരെ സങ്കടകരമാണ്.
കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല ദൈവം പോലും അവർക്കു മാപ്പു കൊടുക്കില്ലെന്നും അതിഷി ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഇതെല്ലാം തെറ്റായ ആരോപണങ്ങളാണെന്ന് തിഹാർ ജയിൽ അധികൃതർ പറഞ്ഞു. നിലവിൽ കെജ്‌രിവാളിന്‍റെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്നും ജയിൽ അധികൃതർ പറയുന്നു.