Timely news thodupuzha

logo

പ്രശസ്ത പത്രപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ അന്തരിച്ചു

തിരുവനന്തപുരം: കേരളം ഇന്ത്യന്‍ മാധ്യമലോകത്തിന് നല്‍കിയ വിലപ്പെട്ട പ്രതിഭകളില്‍ ഒരാളായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവബഹുലമായ തന്റെ പത്രപ്രവർത്തന ജീവിതത്തിൽ, ധീരമായ നിലപാടുകള്‍ കൊണ്ടും സവിശേഷതയാര്‍ന്ന സ്‌കൂപ്പ് വാര്‍ത്തകള്‍ കൊണ്ടും മാധ്യമ ലോകത്ത് പ്രതിഭാമുദ്ര പതിപ്പിച്ച പത്രപ്രവര്‍ത്തകനാണ് ബി.ആര്‍.പി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കര്‍.

1932 മാര്‍ച്ച് 12ന് കൊല്ലം കായിക്കരയിൽ നവഭാരതംപത്രം ഉടമ എ.കെ.ഭാസ്കറിന്‍റെയും മീനാക്ഷിയുടെയും മകനായി ആണ് ബി.ആര്‍.പി. ജനിച്ചത്. ‘നവഭാരത’ത്തിൽ അച്ഛൻ അറിയാതെ അപരനാമത്തിൽ വാർത്തയെഴുതിയാണ് തുടക്കം. 1952ൽ ‘ദ ഹിന്ദു’വിൽ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു.

കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായി. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യു.എന്‍.ഐ അടക്കമുളള മാദ്ധ്യമ സ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്തു.ഡെക്കാണ്‍ ഹെറാള്‍ഡില്‍ 1984 മുതല്‍ മാദ്ധ്യമപ്രവര്‍ത്തകനായി.

ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ചപ്പോൾ വാര്‍ത്താ വിഭാഗം ഉപദേഷ്ടാവായിരുന്നു. 1991-ല്‍ പത്രപ്രവര്‍ത്തന ജോലിയില്‍ നിന്ന് വിരമിച്ചു. 1993 മുതല്‍ തിരുവനന്തപുരത്തും 2017 മുതല്‍ ചെന്നൈയിലുമായാണ് താമസിച്ചിരുന്നത്. കേരള സർക്കാരിന്‍റെ സ്വദേശാഭിമാനി–കേസരി മാദ്ധ്യമ പുരസ്കാരം 2014ൽ ലഭിച്ചു. ‘ന്യൂസ് റൂം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2023ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *