മുംബെെ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായത് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവർ.
അഞ്ച് പ്രതികൾക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല നിർവ്വഹിക്കാൻ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് സംഘം നിയോഗിച്ചത് എന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. അന്വേഷണത്തിൽ ലോറൻസ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായി.
നവിമുംബൈ പോലീസ് കേസിലെ പ്രതികളെ പിടികൂടി. 25 ലക്ഷം രൂപയ്ക്കാണ് ബിഷ്‌ണോയി പ്രതികളുമായി നടനെ കൊലപ്പെടുത്താൻ കരാർ ഉറപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
നടനെ കൊലപ്പെടുത്താനുള്ള പദ്ധതി പ്രതികൾ 2023 ഓഗസ്റ്റ് മുതൽ തന്നെ ആരംഭിച്ചു. കൃത്യം നടത്തുന്നതിനായി പാകിസ്ഥാനിൽ നിന്നുൾപ്പെടെ പ്രതികൾ ആയുധം ശേഖരിച്ചു.
നേരത്തെ പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തുർക്കിഷ് നിർമിത സിഗാന തോക്കും, എകെ 47 തോക്കുകളും പ്രതികളുടെ കൈവശമുണ്ടായിരുന്നു എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ആയുധങ്ങൾ ശേഖരിക്കുന്നതിനൊപ്പം താരത്തെ നിരീക്ഷിക്കാനായി ഏകദേശം 70-ഓളം പേരെ പ്രതികൾ ഏർപ്പാടാക്കി. സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വീട്, പൻവേലിലെ ഫാംഹൗസ്, കൊറെഗാവിലെ ഫിലിം സിറ്റി എന്നിവിടങ്ങളെല്ലാം ഇവരുടെ നിരീക്ഷണത്തിലായിരുന്നു.
18 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ് നടനെ വധിക്കാനായി സംഘം റിക്രൂട്ട് ചെയ്‌തതെന്നും ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ട ഗോൾഡി ബ്രാർ, അൻമോൾ ബിഷ്‌ണോയി തുടങ്ങിയവരുടെ നിർദേശങ്ങൾക്കനുസരിച്ച് ആക്രമണം നടത്താനായാണ് ഇവർ കാത്തിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്.