Timely news thodupuzha

logo

പൈങ്ങോട്ടൂർ വൈസ് പ്രസിഡൻറ് നിസാർ മുഹമ്മദ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായി

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസാർ മുഹമ്മദിനെ സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം മത്സരിച്ചു വിജയിച്ച് എൽഡിഎഫിനൊപ്പം ചേർന്നതിനെ തുടർന്ന് യുഡിഎഫ് നൽകിയ പരാതിയിലാണു നടപടി.

മുസ്ലിം ലീഗിന് അനുവദിച്ച 10ആം വാർഡായ പനങ്കരയിൽ യു.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രനായാണു നിസാറിൻറെ വിജയം. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരു മുന്നണികളും ആറ് സീറ്റ് വീതം നേടിയപ്പോൾ സ്വതന്ത്ര സിസി ജെയ്‌സനെ യുഡിഎഫ് പ്രസിഡൻ്റാക്കുകയും നിസാറിനെ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു.

പിന്നീടു നിസാർ വൈസ് പ്രസിഡൻറ് സ്‌ഥാനം രാജിവയ്ക്കുകയും സിസിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്‌തു.

തുടർന്ന് തിരഞ്ഞെടുപ്പിൽ നിസാർ എൽ.ഡി.എഫിനെ പിന്തുണക്കുകയും സീമ സിബി പ്രസിഡന്റാവുകയും ചെയ്തു. എൽഡിഎഫ് പിന്തുണയിൽ നിസാർ വീണ്ടും വൈസ് പ്രസിഡന്റായി.

അവിശ്വാസത്തിലും തിരഞ്ഞെടുപ്പിലും നിസാർ വിപ്പ് ലംഘിച്ചതോടെയാണു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് അംഗത്വം റദ്ദാക്കിയത്. താൻ സ്വതന്ത്രനാ യാണു മത്സരിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും നിസാർ മുഹമ്മദ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *