തൊടുപുഴ: മുട്ടം എള്ളുംപുറം സെറ്റിൽമെന്റിലെ ആദിവാസി യുവാവിനെ വീടുകയറി മർദ്ദിച്ച് ജയിലിൽ അടച്ച സംഭവത്തിൽ പുനരന്വേഷണം നടന്നുവരികയാണ്. എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എം. സുഗുണനാണ് അന്വേഷണ ചുമതല.അന്വേഷണസംഘം എള്ളുംപുറം സെറ്റിൽമെന്റിലും മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിലും എത്തി മൊഴിയെടുത്തു. മൂലമറ്റം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവും വീടു കയറി സിറിലിനെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും 62 ദിവസം ജയിലിലടയ്ക്കുകയും ആയിരുന്നുവെന്ന് മാതാപിതാക്കളും സഹോദരിയും മൊഴി നൽകി.
മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ.ബിജുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ആയിരുന്നു തെളിവെടുപ്പ്. അരിപ്ലാവിൻ ഫൈനാൻസ്ഉടമ സിബി തോമസ്, സിറിലിന്റെ ഓട്ടോയിൽ നിരോധിത ഉൽപ്പനങ്ങൾ കൊണ്ടു വെക്കാൻ രണ്ടാളുകളെ ഏർപ്പാടാക്കി കൊടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ ബിജു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസുകാർ തരുമെന്നും തനിക്ക് അവരുമായി ബന്ധമുണ്ടെന്നും സിബി തോമസ് തന്നെ അറിയിച്ചെന്നും എൻ. കെ. ബിജു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. അത് മൊഴിയായി രേഖപ്പെടുത്തി.
മുൻ പഞ്ചായത്ത് മെമ്പർ പി. എസ്.സതീഷിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കേസ് സംബന്ധിച്ച് എള്ളുംപുറം ഊരുകൂട്ടം പഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിച്ചിരുന്ന പരാതിയുടെ കോപ്പിയും ഭരണസമിതി സർക്കാരിനും ഉദ്യോഗസ്ഥ പ്രമുഖർക്കും സമർപ്പിച്ച പ്രമേയങ്ങളുടെ കോപ്പിയും തെളിവിലേക്കായി മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അഗസ്റ്റിൻ അന്വേഷണ സംഘത്തിന് കൈമാറി ജനകീയ പ്രക്ഷോഭസമിതി ചെയർമാൻ ജെയിംസ് കോലാനി,വൈസ് ചെയർമാൻ എൻ.വിനോദ് കുമാർ തുടങ്ങിയവരും മൊഴിയെടുപ്പ് സമയത്ത് സന്നിഹിതരായിരുന്നു.