തൊടുപുഴ: അഴിമതിക്കാരനായ തൊടുപുഴ മുനിസിപ്പൽ ചെയർമാനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റോബിൻ മൈലാടി ആരോപിച്ചു. പത്ര സമ്മേളനം നടത്തി ചെയർമാനുള്ള പിന്തുണ പിൻവലിച്ചുവെന്ന് എൽ.ഡി.എഫ് നേതൃത്വം അവകാശപ്പെടുമ്പോഴും അവിശ്വാസ പ്രമേയം കൊണ്ടുവരില്ല.
അതിനുള്ള അംഗബലം എൽ.ഡി.എഫിന് ഇല്ലെന്ന് പറയുന്നത് ചെയർമാനെ തുടരാൻ അനുവദിക്കുന്നതിന് വേണ്ടിയാണ്. സി.പി.എമ്മിനും ചെയർമാനും തൊടുപുഴ നഗരസഭയിൽ നടന്ന അഴിമതിക്ക് തുല്യ പങ്കാണ് ഉള്ളത്. ചെയർമാനെ മുന്നിൽ നിർത്തി നവ കേരള സദസ്സിന്റെ പേര് പറഞ്ഞ് സി.പി.എം ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പണിയുന്നതിന് അഴിമതിയിലൂടെ കോടികളാണ് സി.പി.എം സമ്പാദിച്ചത്.
അവിശ്വാസ പ്രമേയം കൊണ്ട് വന്നാൽ തൊടുപുഴയിൽ സി.പി.എം ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പണിത കോടികളുടെ കണക്ക് ചെയർമാൻ വെളിപ്പെടുത്തുമെന്ന് ഭയന്നാണ് എൽ.ഡി.എഫ് ചെയർമാനെതിരെ അവിശ്വാസം കൊണ്ട് വരാത്തതെന്നും റോബിൻ മൈലാടി പറഞ്ഞു.