ചണ്ഡിഗഡ്: മോഷണ വിവരം പുറത്ത് പറയാതിരിക്കാനായി അയൽ വീട്ടിലെ ഒമ്പത് വയസുള്ള പെൺകുട്ടിയെ കൊന്ന് കർപ്പൂരമിട്ട് കത്തിച്ച കേസിൽ പതിനാറുകാരൻ പിടിയിൽ.
ഹരിയാനയിലെ ഗുരുഗ്രാമിൽ ജൂലൈ ഒന്നിനായിരുന്നു സംഭവം. കേസിൽ പിടിയിലായ പ്രതി പ്രദേശത്ത് ഇരുപതോളം കവർച്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും പതിനാറുകാരൻറെ വീട്ടിലെത്തിയ സമയത്താണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് പഠനാവശ്യത്തിനെന്ന പേരിൽ പോയത്.
ആ സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയോട് വെള്ളം ആവശ്യപ്പെട്ട ശേഷം ഇയാൾ അലമാര തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ചു. മോഷണം കണ്ടു കൊണ്ട് കടന്ന് വന്ന പെൺകുട്ടിയോട് ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടി വിസമ്മതിച്ചു.
ഇതോടെ ഇയാൾ കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജാമുറിയിലുണ്ടായിരുന്ന കർപ്പൂരം മൃതദേഹത്തിലിട്ട് കത്തിച്ചു.
പെൺകുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോൾ പതിനാറുകാരൻ മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നു. മോഷണത്തിന് ശ്രമിച്ച സംഘം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കള്ളക്കഥയാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ പൊലീസ് ചോദ്യം ചെയ്തതോടെ സത്യം തുറന്നു പറഞ്ഞു.
പതിനാറുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. ചൂതാട്ടത്തിലൂടെയുണ്ടായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പതിനാറുകാരൻറെ കുറ്റസമ്മതം.
ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവോയെന്ന് വ്യക്തമല്ല. മയക്കു മരുന്നു ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.