Timely news thodupuzha

logo

എച്ച്.ഡി.ദേവ​ഗൗഡ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതം; എം.എൽ.എ മാത്യു.റ്റി.തോമസ്

തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള സഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിച്ച് ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവ​ഗൗഡ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.റ്റി.തോമസ് എം.എൽ.എ.

ബി.ജെ.പിയുമായുള്ള ജെഡിഎസ് സഖ്യം ദേവ​ഗൗഡയുടെ മാത്രം തീരുമാനമാണെന്നും തെറ്റിദ്ധാരണ പരത്താനായി മനഃപൂർവം നടത്തുന്ന ശ്രമങ്ങളാണ് ഇവയെന്നും മാത്യു.റ്റി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ജെ.ഡി.എസിന്റെ ബി.ജെ.പി സഖ്യം എൽ.ഡി.എഫിന്റെ അനുമതിയോടെയാണെന്ന വാദം തെറ്റാണ്.

ദേവ​ഗൗഡയുടെ മാത്രം തീരുമാനമാണത്. ബി.ജെ.പിയേയും കോൺ​ഗ്രസിനെയും എതിർക്കുകയെന്ന രാഷ്‌ട്രീയ നിലപാടാണ് കർണാടക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് മുതൽ ജെ.ഡി.എസ് സ്വീകരിക്കുന്നത്.

അതിനു ശേഷം ചേർന്ന ദേശീയ എക്‌സിക്യൂട്ടീവിലും എടുത്ത നിലപാട് ബി.ജെ.പിയെയും കോൺ​ഗ്രസിനെയും എതിർക്കുക എന്നതാണ്. പിന്നീട് ഒരിടത്തും ചർച്ച ചെയ്യാതെയാണ് ബിജെപിക്കൊപ്പം ചേരുകയെന്ന പ്രഖ്യാപനം അധ്യക്ഷൻ നടത്തിയത്. കേരളത്തിലെ ജെ.ഡി.എസ് ഈ തീരുമാനത്തോടൊപ്പം നിൽക്കുന്നില്ലെന്ന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

പാർടി ഇടതുപക്ഷത്തോട് ഒപ്പമാണെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ബി.ജെ.പിയുമായി സഖ്യം നടത്തിയതെന്ന ദേവഗൗഡയുടെ വാദം കേരള രാഷ്ട്രീയത്തിൽ വളരെയധികം തെറ്റിദ്ധാരണകളുണ്ടാക്കാൻ സാധ്യതയുള്ള പ്രസ്‌താവനയാണ്.

ആ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടുണ്ടായതോ പ്രായാധിക്യത്താൽ സംഭവിച്ചു പോയതോ ആണെന്നാണ് കരുതുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ല. കേരള മുഖ്യമന്ത്രിയോട് അനുമതി തേടുകയോ അദ്ദേഹം അനുമതി നൽകുകയോ ചെയ്യേണ്ട കാര്യമില്ല.

ദേവഗൗഡയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടന്നിട്ട് വർഷങ്ങളായി. മുഖ്യമന്ത്രിയുടെയും കേരളത്തിലെ പാർടിയുടെയും മന്ത്രി കൃഷ്‌ണൻ കുട്ടിയുടെയും പിന്തുണ സഖ്യത്തിനുണ്ടെന്ന പരാമർശം അടിസ്ഥാനരഹിതമാണ്.

ജെ.ഡി.എസ് കേരള ഘടകം അത് നിഷേധിക്കുന്നു – മാത്യു.റ്റി.തോമസ് പറഞ്ഞു. യാതൊരു ചർച്ചയും ഇത് സംബന്ധിച്ച വിഷയങ്ങളിൽ നടന്നിട്ടില്ല. അധ്യക്ഷന്റെ പരാമർശം പാർട്ടി നിലപാടല്ല. ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും മാത്യു.റ്റി.തോമസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *