Timely news thodupuzha

logo

സിക്ക വൈറസ് ബാധ, കർണാടകയിൽ ഒരാൾക്ക് സ്ഥിരീകരിച്ചു

ബാംഗ്ലൂർ: കർണാടകയിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചിക്കബല്ലപുര ജില്ലയിലെ സിദ്ധ്‌ലഘട്ട മേഖലയിലുള്ള തലകയൽബേറ്റയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതേത്തുടർന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കി. കൊതുകു വഴി പകരുന്ന വൈറസാണ് സിക്ക. വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യവകുപ്പ് പ്രത്യേക യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.

വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്കരണം വീടുകൾ തോറും നേരിട്ടെത്തി നൽകാനാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജില്ലയിലെ ആറ് ഇടങ്ങളിൽ നിന്നായി രക്തസാമ്പിളുകൾ സിക്ക പരിശോധനയ്ക്കായി അയക്കും. വൈറസ് ബാധ സ്ഥിരീകരിച്ചയിടത്തു നിന്നും 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരുടെ രക്തവും പരിശോധിക്കും.

നിലവിൽ പ്രദേശത്തെ 5000 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ ആരോഗ്യ ഓഫിസർ മഹേഷ് കുമാർ പറഞ്ഞു. പ്രദേശത്തുള്ള 30 ഗർഭിണികൾ അടക്കം പനി ലക്ഷണങ്ങൾ കാണിച്ച 37 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പനി, ചൊറിച്ചിൽ, തലവേദന, സന്ധിവേദന, ചുവന്ന കണ്ണുകൾ എന്നിവയാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *