ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് അർധനഗ്നയാക്കി ഉപേക്ഷിച്ചതായി പരാതി. പ്രതിയെ പൊലീസ് പിടി കൂടി. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോക്സോ ആക്റ്റ് അടക്കം വിവിധ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ചയാണ് പൊലീസ് പിടി കൂടിയത്. വീട്ടുസാമഗ്രികൾ അടുക്കുവാൻ സഹായിക്കുന്നതിനായി വീട്ടിലെത്തിയ കുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവ സമയത്ത് താൻ മദ്യപിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ പെൺകുട്ടി അമ്മയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഝാർധ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സത്നയിൽ 12കാരിയെ ബലാത്സംഗം ചെയ്ത് വഴിയിലുപേക്ഷിച്ച സംഭവത്തിനു പുറകേയാണ് വീണ്ടും സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയാകുന്നത്.