ലോസ് ഏഞ്ചൽസ്: പലായനം ചെയ്യാൻ ഒരിടവുമില്ലാത്ത ജനതയുടെ നേരെ ബോധപൂർവം നടത്തുന്ന ആക്രമണമാണ് ഗാസയിലേതെന്ന് ഹോളീവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ആഞ്ജലിന ജോളി.
ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്ന ആക്രമണത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലാണ് ആൻജലിന പ്രതികരിച്ചത്. രണ്ട് ദശാബ്ദത്തോളമായി തുറന്ന ജയിൽ പോലെയായിരുന്ന ഗാസ അതിവേഗം കൂട്ട ക്കുഴിമാടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ട് ലോക നേതാക്കളും ഈ കുരുതിയിൽ പങ്കാളികളാവുകയാണെന്നും ആഞ്ജലിന കുറിച്ചു. ഗാസയിലെ ദുരന്തത്തിന്റെ ദൃശ്യവും ആഞ്ജലിന പങ്കുവച്ചു.
ആഞ്ജലിനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് – പലായനം ചെയ്യാൻ ഒരിടവുമില്ലാതെ കുടുങ്ങിപ്പോയ ഒരു ജനതയുടെ നേരെയുള്ള ബോധപൂർവമായ ബോംബാക്രമണമാണിത്. രണ്ട് ദശാബ്ദത്തോളമായി ഒരു തുറന്ന ജയിലായി തുടരുന്ന ഗാസ അതിവേഗം കൂട്ടക്കുഴിമാടമായി മാറുകയാണ്. കൊല്ലപ്പെട്ടവരിൽ 40 ശതമാനവും നിരപരാധികളാണ്. മുഴുവൻ കുടുംബങ്ങളും കൊല്ലപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനിയൻ സിവിലിയൻമാർ കൂട്ടമായി ശിക്ഷിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ലോകം വീക്ഷിക്കുകയും നിരവധി ഗവൺമെന്റുകൾ സജീവ പിന്തുണ നൽകുകയും ചെയ്യുന്നു.
ഭക്ഷണവും മരുന്നും മാനുഷിക സഹായവുമില്ലാതെ അന്താരാഷ്ട്ര നിയമങ്ങളുൾപ്പെടെ ലംഘിച്ചുകൊണ്ടാണ് ഇവയെല്ലാം. മാനുഷികമായ വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കളും ഈ കുറ്റകൃത്യത്തിൻറെ പങ്കാളികളാവുകയാണ്’