തൊടുപുഴ : 1970 കളുടെ ഉത്തരാർദ്ധത്തിൽ ഇടുക്കി ജില്ലയിലെ കോൺഗ്രസ്സ് വേദികളിൽ തീപ്പൊരി വിതറിയ നേതാവായിരുന്നു ചെറിയാച്ചൻ എന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന മുട്ടം ഏറമ്പടത്തു എ .ഓ .ചെറിയാൻ . ഐ .എൻ .ടി .യു .സി . യുടെ ജില്ലാ ജനറൽ സെക്രട്ടറിയായും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ ഇടുക്കി ഡി .സി .സി .ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു. സമരവേദികളിലും പ്രതിഷേധ യോഗങ്ങളിലും ചെറിയാച്ചൻ
അന്നത്തെ ഡി .സി .സി .പ്രസിഡന്റ് ജോസ് കുറ്റിയാനിയുടെ വലംകയ്യും സന്തത സഹചാരിയുമായിരുന്നുവെന്ന് മുൻ എം.എൽ.എ പി.പി സുലൈമാൻ റാവുത്തർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.ചെറിയാന് തൊടുപുഴയിലും മുട്ടത്തും ഓയിൽ മില്ലുകളുണ്ടായിരുന്നു. കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ ആ കാലത്തെ താവളവും വിശ്രമകേന്ദ്രവും ചെറിയാച്ചൻറെ മില്ലായിരുന്നു.തൊടുപുഴയിലെത്തുന്ന സംസ്ഥാന നേതാക്കളെല്ലാം ചെറിയാച്ചൻറെ മില്ലിലെത്തിയാണു മടങ്ങിയിരുന്നത്.തലയെടുപ്പും, ശബ്ദ ഗാംഭീര്യവും ഏതാൾക്കൂട്ടത്തിലും ചെറിയാച്ചനെ എടുത്തു കാണിക്കുമായിരുന്നു.ലീഡർ കെ കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയുമായും അദ്ദേഹത്തിന് വ്യക്തിപരമായി നല്ല ബന്ധമുണ്ടായിരുന്നു.ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ രൂപപ്പെടുത്തിയതിലും ശക്തിപ്പെടുത്തിയതിലും അദ്ദേഹത്തിന്റെ പങ്ക് ഒട്ടും ചെറുതല്ല. അക്കാലത്ത് ശുഭ്ര വസ്ത്രം ധരിച്ചു ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വരുന്ന കോൺഗ്രസ് നേതാവ് ചെറിയാച്ചൻ ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു . സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവായെങ്കിലും എന്നും അദ്ദേഹത്തിന്റേത് കോൺഗ്രസ് മനസായിരുന്നു .
മരണം വരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹം എറണാകുളം ലിസി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ യാണ് വിടവാങ്ങിയത്.സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് മുട്ടം സബിഗിരി പള്ളിയിൽ.