തൊടുപുഴ: ദേശീയ, അന്തർദേശീയ താരങ്ങളുടെ വിജയഗാഥകൾക്കു പിന്നിൽ അവരെ കണ്ടെത്തുകയും അടിസ്ഥാന പാഠങ്ങൾ പറഞ്ഞു കൊടുത്ത് കൈ പിടിച്ച് ഉർത്തുകയും ചെയ്ത ഒരു കായികാധ്യാപകൻ്റെ നിശ്ശബ്ദ സേവനമുണ്ടായിരിക്കുമെന്ന് മൂന്നാറിൽ സമാപിച്ച സംയുക്ത കായികാധ്യാപക സംഘടനാ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശിഷ്ട സേവാമെഡൽ ജേതാവുകൂടിയായ ഒളിമ്പ്യൻ അനിൽകുമാർ പറഞ്ഞു.
ഭൗതിക സാഹചര്യങ്ങളുടേയും മികച്ച പരിശീലന ഉപകരണങ്ങളുടേയും അഭാവത്തിലും കായിക താരങ്ങൾക്കാവശ്യമായ കൈത്താങ്ങ് നൽകുന്നത് കായികാധ്യാപകരാണ്.
എന്നാൽ ഈ വിഷയത്തിന് മതിയായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും അത് പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങളുണ്ടാക്കാനായാൽ നിരവധി താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് ഭൗഹ്യ കണ്ണൻ ഉദ്ഘാടനം ചെയ്തു.
മൂന്നാറിലെ ശിക്ഷക് സദനിലായിരുന്നു കേരളാ പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ(കെ.പി.എസ്.പി.ഇ.ടി.എ), ഡിപ്പാർട്മെൻ്റൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ്റേയും (ഡി.പി.ഇ.ടി.എ) സംയുക്ത സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഘടനയും സേവന വേതന വ്യവസ്ഥകളും വ്യക്തമാക്കി സ്പെഷ്യൽ റൂൾസ് കമ്മറ്റി പ്രസിദ്ധീകരിച്ച കരട് രേഖയിൽ ആരോഗ്യ കായിക വിദ്യാഭ്യാസം പടിക്ക് പുറത്താണ്.
നിലവിലുള്ള ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വേർതിരിവ് പൂർണമായും ഒഴിവാക്കി ലയന നടപടികൾ പൂർത്തിയാകുന്നതോടെ എട്ട് മുതൽ 12 വരെയുള്ള സ്കൂളുകൾ ഇനി സെക്കണ്ടറി സ്കൂളുകൾ എന്നാണ് അറിയപ്പെടുക.
സ്പെഷ്യലിസ്റ്റ് റ്റീച്ചേഴ്സിലെ(കല, കായികം, പ്രവർത്തിപരിചയം) ഏതെങ്കിലും ഒരു അധ്യാപകൻ്റെ സേവനം മാത്രം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പുവരുത്തണമെന്നാണ് സ്പെഷ്യൽ റൂൾസ് നിർദ്ദേശിക്കുന്നത്. ഇതോടെ പാഠ്യപദ്ധതിയും തിയറി, പ്രാക്ടിക്കൽ പരീക്ഷകളുമുള്ള ആരോഗ്യ കായിക വിദ്യാഭ്യാസം ആര് പഠിപ്പിക്കുമെന്ന ആശങ്കയിലാണ് കായികാധ്യാപകർ.
ലയനം പൂർത്തിയാകുന്നതോടെ എട്ട് മുതൽ 12 വരെ ക്ലാസുകളുടെ അധികച്ചുമതല കൂടി കായികാധ്യാപകർ വഹിക്കേണ്ടി വരും. 60 കൊല്ലമായി കായികാധ്യാപക തസ്തികാ മാനദണ്ഡങ്ങൾ പരിഷ്കരിക്കാതെ തുടരുന്നതിനാൽ നിലവിൽ 86% യു.പി സ്കൂളുകളിലും 45% ഹൈസ്കൂളുകളിലും കായികാധ്യാപകരില്ല.
ഇത് പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന പരാതിയിൽ ബാലാവകാശ കമ്മീഷനടക്കം ഇടപെട്ടിരുന്നു. കായികാധ്യാപകരും വിദ്യാർത്ഥികളും നവകേരള സദസ്സിലടക്കം ഉന്നയിച്ച നിരവധി പരാതികൾ അവഗണിച്ചുകൊണ്ടാണ് സ്പെഷ്യൽ റൂൾസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
2030ഓടെ സ്ഥിര കായികാധ്യാപക തസ്തികകളില്ലാതാക്കി 500 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ പഞ്ചായത്ത് മുഖേന കായികാധ്യാപകരെ നിയമിക്കാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും മൂന്നാറിൽ സമാപിച്ച സംയുക്ത കായികാധ്യാപക സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു.
ഡിപ്പാർട്ട്മെൻ്റ് ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായി എസ് ഷിഹാബുദ്ദീൻ(പ്രസിഡൻ്റ്), വി സജാത് സാഹിർ(സെക്രട്ടറി), കെ.ഐ സുരേന്ദ്രൻ(ട്രഷറർ) എന്നിവരേയും കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ റ്റീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായി അബ്ദുൽ ഗഫൂർ(പ്രസിഡൻ്റ്), കെ.എ റിബിൻ(സെക്രട്ടറി), അജിത്ത് അബ്രഹാം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കായിക താരങ്ങളുടെ ഭാവിയും കുട്ടികളുടെ പഠനാവകാശവും കായികാധ്യാപക തസ്തികയും സംരക്ഷിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കായിക വിദ്യാഭ്യാസ സെമിനാർ, പൊതുസമ്മേളനം, യാത്രയയപ്പ് സമ്മേളനം തുടങ്ങി വിവിധ സെക്ഷനുകളിൽ ജനപ്രതിനിധികളും പൗരപ്രമുഖരും സംസാരിച്ചു.
എം.സുനിൽകുമാർ, ജോസിറ്റ്മോൻ ജോൺ വി.വി വിജയൻ, എസ് പ്രദീപ് കുമാർ, വി സുരേഷ്, സുബൈർ റ്റി.എം, കൃഷ്ണദാസൻ കെ, സൂര്യനാരായണ ഭട്ട് നബീൽ കണ്ടിയിൽ എന്നിവർ സംസാരിച്ചു.