Timely news thodupuzha

logo

വിവിധ കർമ്മ പരിപാടികളോടെ തൊടുപുഴ ന്യൂമാൻ കോളേജിൽ കാർഗിൽ വിജയത്തിന്റെ രജത ജൂബിലി ആചരിച്ചു

തൊടുപുഴ: ന്യൂമാൻ കോളേജ് എൻ.സി.സി, 18 കേരള ബറ്റാലിയൻ മുവാറ്റുപുഴ, അഖില ഭാരതീയ പൂർവ്വസൈനിക് പരിഷിത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ സംസ്കാരിക, സൈനിക സംഘടനകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് കാർഗിലെ യുദ്ധ ഭൂമിയിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ രജിത ജൂബിലി ആചരണം ന്യൂമാൻ കോളേജിൽ വച്ച് സംഘടിപ്പിച്ചു.

കാർഗിൽ ഡോക്യുമെന്ററി, യുദ്ധോപകരണങ്ങളുടെ പ്രദർശനം, സെമിനാർ, യുവജന സംഗമം, പ്രത്യേകമായി തയ്യാറാക്കിയ അമർജവാൻ ജ്യോതിയിൽ പുഷ്പാർച്ചന എന്നിങ്ങനെ വിവിധ കർമ്മ പരിപാടികൾ ആണ് കാർഗിൽ വിജയ ദിവസത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി കോളേജിൽ നടത്തിയത്.

കേരള സംസ്ഥാന ജലഗതാഗത വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോളേജിലെത്തിയ മന്ത്രിയെ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ജന്മ ഭൂമിയെ സംരക്ഷിക്കുവാനായി സൈന്യം നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി പൊതുബോധം ഉണ്ടാകേണ്ടതും അതുവഴി ഓരോ പൗരനും തന്റേതായ പൗര ധർമ്മം നിർവഹിക്കേണ്ടതും രാജ്യത്തിന്റെ അഖണ്ഡതക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 18 കേരള ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ പ്രശാന്ത് നായർ, തൊടുപുഴ മുൻസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ വി.എസ്.എം, ഗ്രുപ്പ് ക്യാപ്റ്റൻ ഹരി സി ശേഖർ, മേജർ അമ്പിളി ലാൽകൃഷ്ണ, ന്യൂമാൻ കോളേജ് അസോസിയേറ്റ് എൻ.സി.സി ഓഫീസർ കാപ്റ്റൻ പ്രജീഷ് സി മാത്യു, കോളേജ് ബർസാർ ബെൻസൺ എൻ ആന്റണി, സി.ജി സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.

കാർഗിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് പി.കെ സന്തോഷ്‌ കുമാർ എസ്‌.എമ്മിന്റെ സഹോദരൻ പ്രസാദ്, ഇന്ത്യക്ക് വേണ്ടി മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത റ്റി കെ എസ്‌ എൻ പിള്ള എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കാർഗിൽ വിജയവും പൗരധർമ്മവുമെന്ന വിഷയത്തെപ്പറ്റി നടന്ന സെമിനാർ റിട്ട. എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ നയിച്ചു.

വിവിധ കർമ്മ പരിപാടികൾക്ക് എ.ജി കൃഷ്ണകുമാർ, ബിജു മോൻ, ചന്ദ്രശേഖരപിള്ള, സീനിയർ അണ്ടർ ഓഫീസർ ആദർശ്, അണ്ടർ ഓഫീസർ ഐഡൻ കുര്യൻ, രാധിക എം, അലൻ റ്റാജു, ആഷിക് അഹമ്മദ്, നന്ദന മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *