സൂറത്ത്: അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. സൂറത്തിലെ വജ്രാഭരണ നിർമാണ തൊഴിലാളിയായ മെഹുൽ സോളാങ്കിയെയാണ്(23) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മെഹുൽ സോളങ്കിയും 21കാരിയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതി അമ്മാവന്‍റെ മകൾ വീട്ടിൽ ഒറ്റക്കായതിനാൽ കൂട്ടുകിടാക്കാനെത്തി.
അന്ന് വീട്ടിൽ ആരും ഇല്ലാത്തതിനാൽ മെഹുൽ യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ യുവതിയുടെ സഹോദരൻ സംഭവമറിഞ്ഞതോടെ മറ്റ് ബന്ധുക്കളെ വിവരമറിയിച്ചു.
തുടർന്ന് ഏകദേശം രണ്ടു മണിക്കൂറോളം യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പൊലീസ് പറയുന്നു. ബെൽറ്റും കയറും ഉപയോഗിച്ച് നിരന്തരം അടിച്ചു.
യുവാവിന്‍റെ സുഹൃത്തുക്കൾ സംഭവസ്ഥലത്ത് എത്തിയതോടെ ആണ് പ്രതികൾ മർദനം നിർത്തിയത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.