Timely news thodupuzha

logo

സർക്കാർ അദ്ധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ

തൊടുപുഴ: ഇടതു സർക്കാർ തുടർന്നു വരുന്ന അധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്ന് കെ പി എസ് ടി എ തൊടുപുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് രണ്ടായിരത്തി പതിനാറിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച എട്ട് രൂപ എന്നത് ആറ് രൂപയായി കുറയ്ക്കുന്ന നിലപാടാണ് ഏറ്റവും അവസാനമായി സർക്കാർ സ്വീകരിച്ചത്.

ഒരു വർഷമായി ഹൈക്കോടതിയിൽ നിരന്തരം കേസ് വാദം നടക്കുമ്പോഴും കൃത്യമായി നിലപാട് സ്വീകരിക്കാതെ സർക്കാർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. മുട്ട, പാൽ എന്നിവയുടെ തുക സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. രണ്ട് ശതമാനം ഡി എ യുടെ മുപ്പത്തി ഒമ്പത് മാസത്തെ കുടിശ്ശിക ലഭിക്കുന്നതിനായി നൽകിയ കേസിലും സർക്കാർ കേസ് നീട്ടിക്കൊണ്ട് പോകാനുള്ള പരിശ്രമമാണ് നടത്തുന്നത്.

ഏറ്റവും ഒടുവിൽ ആർ റ്റി ഇ ആക്ടിന് വിരുദ്ധമായി 220 ദിവസത്തെ ഏകപക്ഷീയമായ അക്കാഡമിക് കലണ്ടർ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് കെ പി എസ് ടി എ ഫയൽ ചെയ്ത ഹർജി രണ്ടാം തവണ വാദത്തിനെടുത്തപ്പോഴും മറുപടി സ്റ്റേറ്റ്മെൻ്റ് പോലും ഫയൽ ചെയ്യാതെ അഡ്വക്കറ്റ് ജനറലിന്റെ സൗകര്യത്തിനായി കേസ് ഒരു മാസം മാറ്റിവയ്ക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുകയാണ് സർക്കാർ ചെയ്തത്.

അക്കാഡമിക് കലണ്ടർ സംബന്ധിച്ച ഉത്തരവ് കോടതിയിൽ നിലനിൽക്കില്ലെന്ന് മനസ്സിലാക്കിയ സർക്കാർ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി അധ്യാപകർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ഈ സർക്കാരിനെതിരെ ഉച്ചഭക്ഷണം, ഡി എ അരിയർ , അശാസ്ത്രീയമായ അക്കാഡമിക് കലണ്ടർ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ കെ പി എസ് ടി എ, ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട് ശക്തമായ നിയമപോരാട്ടത്തിലൂടെയും ജനാധിപത്യപരമായ സമരമാർഗങ്ങളിലൂടെയും അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി കെ പി എസ് ടി എ മുന്നോട്ടു പോകും.

സംസ്ഥാന സെക്രട്ടറി പി എം നാസർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ബിജോയ് മാത്യു,സംസ്ഥാന കൗൺസിൽ അംഗം സജി മാത്യു, ഷിൻ്റോ ജോർജ്, ദീപു ജോസ്, വി. ആർ രതീഷ്, സുനിൽ തോമസ്, രാജിമോൻ ഗോവിന്ദ്, ബിജു ഐസക്, ജോസഫ് മാത്യു, ജീസ് എം അലക്സ്, ജിബിൻ ജോസഫ്, ജിൻസ് കെ ജോസ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *