ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ 14ആം വാർഡിൽ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ചിന്നാർ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻ സ്റ്റോക്ക് പദ്ധതിയെ കുറിച്ച് കമ്മീഷൻ നിർദ്ദേശിച്ച പഠന റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കണെമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ.ഐ.റ്റി) ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാ കുമാരി നിർദ്ദേശം നൽകിയത്.
കോഴിക്കോട് എൻ.ഐ റ്റി അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചതായി കെ.എസ്.ഇ.ബി കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പ്രോജക്റ്റ് മാനേജർ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. എന്നാൽ മഴക്കാലത്ത് തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെ.എസ്.ഇ.ബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇടുക്കി ജില്ലാ കളക്ടർ അനുഭാവപൂർവം പരിഗണിക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാ കുമാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പെൻ സ്റ്റോക്ക് പദ്ധതിക്ക് വേണ്ടി അനിയന്ത്രിതമായ നിലയിൽ പാറ പൊട്ടിക്കുന്നതിനാൽ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് കമ്മീഷൻ ജൂൺ 11ന് മൂന്നാർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തിയിരുന്നു. വെള്ളത്തൂവൽ ആന്റ് ചിന്നാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് മാനേജർ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ ധരിപ്പിച്ചു.
കമ്മീഷൻ അംഗം വി.കെ ബീനാകുമാരി മെയ് 14ന് സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തി കൂടിയ സ്ഫോടനങ്ങൾ നടത്തിയതു കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കമ്മീഷൻ നേരിട്ട് മനസിലാക്കി.
പല വീടുകളുടെയും സിമന്റ് മേൽക്കുര അടർന്നു. ചുമരുകൾ പൊട്ടിപൊളിഞ്ഞു. അപകട മേഖലയിൽ താമസിക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ വിലയിരുത്തി. കൃഷി സ്ഥലങ്ങൾ വിണ്ടുകീറി കൃഷിയോഗ്യമല്ലാതായി.
പരാതിക്കാരുടെ വീടുകൾക്കുണ്ടായ കേടുപാടുകൾ തുരങ്ക നിർമ്മാണം കാരണമാണോയെന്ന് പറയാൻ പ്രയാസമുണ്ടെന്നാണ് സർക്കാർ നിലപാട്. ജില്ലാ ജിയോളജിസ്റ്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി തഹസീൽദാർ എന്നിവർ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ എൻ.ഐ.റ്റി ഇക്കാര്യം പരിശോധിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്. 20 മാസങ്ങൾക്ക് മുമ്പാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. സ്ഥലം സന്ദർശിച്ച വേളയിൽ ഉദ്യോഗസ്ഥർ കമ്മീഷന് മുന്നിലും കൃത്യമായ വിവരവും നൽകിയില്ല.
അപകടാവസ്ഥയിൽ പോലും പദ്ധതിയുടെ നിർമ്മാണം തുടരുന്ന സാഹചര്യം അത്ഭുതപ്പെടുത്തുന്നതായി വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കൃഷി ചെയ്യാനും സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി ഇടപെടാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ഇടുക്കി പനങ്കുഴി സ്വദേശികളായ ഷിന്റോ അഗസ്റ്റിനും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.