തൊടുപുഴ: നഗരസഭ ഒന്നാം വാർഡിൽ ആനക്കൂട് മല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്ത് തൊടുപുഴയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്ഥല ഉടമയുടെ അനുമതിയില്ലാതെ ചത്ത മൃഗങ്ങളും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുമാണ് വൻ തോതിൽ നിക്ഷേപിച്ചു വരുന്നതെന്ന് ആനക്കൂട് റസിഡന്റ്സ് അസോസ്സിയേഷൻ ആരോപിച്ചു.
നഗരസ അധികൃതരം വിവരം അറിയിക്കുകയും ആവശ്യമായ തെളിവുകൾ നൽകുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്, ഇത്തരക്കാരിൽ നിന്നും അപൂർവുമായി ചെറിയ പിഴ മാത്രമേ ഈടാക്കുന്നുള്ളൂ. നഗരസഭയുടെ സമീപനം മാലിന്യം നിക്ഷേപിക്കുന്നവർക്ക് പ്രോത്സാഹനമാണ്.
പരിസര മലിനീകരണവും, ദുർഗ്ഗന്ധവും ഒഴിവാക്കുന്നതിനായി ആനക്കൂട് റസിഡന്റ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ മാലിന്യം കുഴിച്ചുമൂടി പരിസരം ശുചീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പ്ലാസ്റ്റിക്, തെർമോകോൾ ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ ലോഡ് കണക്കിന് ഇതേ സ്ഥലത്ത് നിക്ഷേപിച്ചിരിക്കുകയാണ്. അതിനാൽ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി തടയുന്നതിനും നിക്ഷേപിച്ചവർക്കെതിരെ നടപടി എടുക്കുന്നതിനും പരമാവധി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യുന്നതിനും ആവശ്യമായ അടിയന്തിര നടപടി ഉണ്ടാകുമാറാകണമെന്ന് ആനക്കൂട് റസിഡന്റ്സ് അസോസ്സിയേഷൻ അഭ്യർത്ഥിച്ചു.