Timely news thodupuzha

logo

ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സി.പി.എം ഭീകര സംഘടനയായി അധഃപതിച്ചുവെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേയും ആകാശ് തില്ലങ്കേരിയുടേയും വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സി.പി.എം, ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഭീകര സംഘടനയായി അധഃപതിച്ചു.

ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സി പി എമ്മിനുള്ള ബന്ധം ഭരണത്തണലിൽ തഴച്ചുവളരുകയാണ്. കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണത്. ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായി. സാധാരണക്കാരന്റെ നികുതി പണത്തിൽ നിന്ന് ഒന്നര കോടിയോളം രൂപ ചിലവഴിച്ച് സുപ്രീം കോടതിയിൽ മുൻനിര അഭിഭാഷകരെ രംഗത്തിറക്കിയാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തത്.

എല്ലാം ചെയ്യിച്ചത് പാർട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വന്നിട്ട് കേരള പോലീസ് ചെറുവിരൽ അനക്കിയിട്ടില്ല. സമൂഹത്തോട് ഉത്തരവാദിത്തവും മനസാക്ഷിയുമുണ്ടെങ്കിൽ സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കരുത്. സത്യം പുറത്തു വരാൻ സി.ബി.ഐ അന്വേഷണം തന്നെ വേണം. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ സി.പി.എം നേതാക്കൾ കുടുങ്ങുമെന്നത് തീർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *