പേരൂർക്കട: തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് കൗൺസിലറും സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ മുട്ടട കീഴെ കണ്ണേറ്റിൽ വീട്ടിൽ ടി പി റിനോയ് (47) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡിവൈഎഫ്ഐ കേശവദാസപുരം മുൻ ലോക്കൽ സെക്രട്ടറി പേരൂർക്കട ഏരിയാ മുൻ ജോയിൻ്റ് സെക്രട്ടറി, പി കെ എസ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി വി ജോയി എം എൽ എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, ഏരിയാ സെക്രട്ടറി സി വേലായുധൻ നായർ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. മൃതദേഹം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷം 4 മണിക്ക് തൈക്കാട് ശാന്തികവാത്തിൽ സംസ്കരിക്കും.