തൊടുപുഴ: പതിനായിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്ത് ഉപജീവനം കണ്ടെത്തുന്ന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ലോട്ടറി പരിഷ്കരിക്കുന്നത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എം.എൽ.എ ആവശ്യപ്പെട്ടു. ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ(എ.കെ.എല്‍.ടി.യു) എ.ഐ.ടി.യു.സി ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ വിനായക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സമ്മാന ഘടനയിൽ മാറ്റം വരുത്തി ലോട്ടറി വില്പന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ലോട്ടറി തൊഴിലാളികൾക്കും ഏജന്റുമാര്‍ക്കും അർഹതപ്പെട്ട ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും ലോട്ടറി മേഖലയിലെ തൊഴിലും കൂലിയും നിലനിർത്താനും സർക്കാർ ഇടപെടണം. ലോട്ടറി മേഖലയെ തകർക്കുന്ന സെറ്റ് വില്പന,ഓൺലൈൻ ലോട്ടറി വ്യാപാരം,വാട്സപ്പ് കച്ചവടം,മുഖവില കുറച്ചുള്ള വില്പന,കുത്തക റീട്ടെയ്ല്‍ വ്യാപാരം തുടങ്ങിയ തൊഴിലാളി വിരുദ്ധ ചൂതാട്ട ലോട്ടറി വിൽപ്പന രീതികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ എ.ഐ.ടി.യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗം വിനു സ്ക്റിയ അധ്യക്ഷത വഹിച്ചു. എൈടിയുസി ജില്ലാ ട്രഷറർ പി.പി.ജോയി സ്വാഗതം ആശംസിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.മുത്തു പാണ്ടി, ലോട്ടറി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.ബാലൻ,സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ജമാൽ, ജില്ലാ സെക്രട്ടറി ടി.എസ്.ബാബു, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ആർ.വിനോദ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡന്റായി ആർ.വിനോദിനെയും വർക്കിംഗ് പ്രസിഡന്റായി വിനു സ്കറിയെയും സെക്രട്ടറിയായി ടി.എസ്.ബാബുവിനെയും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സിജി ജേക്കബ്,ബെന്നിച്ചൻ,പ്രഭു. ജോയിന്റ് സെക്രട്ടറിമാർ: ഷിനോയി രാജപ്പൻ,വിജയൻ സി വി,എം ആർ അനീഷ്.ട്രഷറർ: വി സി ചെറിയാൻ എന്നിവരുൾപ്പെട്ട 19 അംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.