കോട്ടയം: എ ഹേമചന്ദ്രൻറെ ആത്മകഥയിലെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാർ കേസിലെ മുൻ ഡിജിപിയായിരുന്നു എ.ഹേമചന്ദ്രൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്നത്തെ ആഭ്യന്തരമന്ത്രിയും. തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു. എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തലെന്നും അദ്ദേഹം പ്രതികരിച്ചു.
ഉമ്മൻചാണ്ടിക്ക് ഇതിൻറെ പേരിൽ തെറ്റിധാരണ ഉണ്ടാവാൻ സാധ്യതയില്ല. ജോപ്പനെ താനറിയാതെ അറസ്റ്റ് ചെയ്തതിൽ ഹേമചന്ദ്രനോട് നീരസം തോന്നിയിരുന്നു. എന്നാൽ ഹേമചന്ദ്രനെ മാറ്റാതിരുന്നത് സർക്കാരിനെ അത് പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്. ശിവരാജനെ അന്വേഷണ കമ്മീഷനായി നിയമിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. ഇക്കാര്യം ഉമ്മൻചാണ്ടിയെയും അറിയിച്ചിരുന്നുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
സോളാർ അന്വേഷണ കമ്മീഷൻ സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് അന്വേഷിച്ചതെന്നും സദാചാര പൊലീസിൻറെ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നുമാണ് സോളാർ കേസ് അന്വേഷണ സംഘതലവൻ എ ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ. നീതി എവിടെയെന്ന ആത്മകഥയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.