തിരുവനന്തപുരം: ഇടുക്കി പൈനാവ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലി നിരപരാധിയെന്നാണ് പാർട്ടി നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിഖിൽ പൈലി പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിന്റെ ഭാരവാഹിയാണോ എന്നറിയില്ല. അക്കാര്യം തീരുമാനിച്ചത് യൂത്ത് കോൺഗ്രസാണെന്നും വി.ഡി.സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സംസ്ഥാന വർക്കിംഗ് ചെയർമാനാക്കിയത് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് നിഖിൽ പൈലിയെ നേതൃസ്ഥാനത്തേക്ക് ശുപാർശ ചെയ്‌തത്.
ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ധീരജ് വധക്കേസിൽ നിഖിൽ പൈലി നിരപരാധിയാണെന്നും ഭാരവാഹിയാക്കിയോ എന്നറിയില്ലെന്നും വി.ഡി സതീശൻ പറഞ്ഞത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ കേരള സർവകലാശാല പരാതി നൽകിയിട്ടുണ്ട്.
എന്നിട്ടും സതീശൻ അതിനെ ന്യായീകരിക്കുകയാണ് ചെയ്‌തത്. കെ.എസ്.യു നേതാവ് അൻസിൽ വ്യാജ സർട്ടിഫിക്കറ്റ് എവിടെയും ഹാജരാക്കിയിട്ടില്ലെന്നാണ് സതീശന്റെ ന്യായീകരണം.