ഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും അക്രമം. ബിഷ്ണുപൂർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ സംസ്ഥാന പൊലീസ് കമാൻഡോ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.
ഇംഫാലിലെ കാംഗ്ല ഫോർട്ടിന് സമീപം 2 വാഹനങ്ങൾ ആൾക്കൂട്ടം തീയിട്ടു. 200 ഓളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇവർ പൊലീസിന്‍റെ കൈയിൽ നിന്നും ആയുധങ്ങൾ പിടിച്ചുവാങ്ങാനും ശ്രമം നടത്തിയതായാണ് വിവരം. സംഘർഷ സാധ്യത കണക്കിലെടുത്ത് ആക്രമണമുണ്ടായ സ്ഥലങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബിഷ്ണുപൂരിൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച അർധരാത്രി ബിഷ്ണുപൂരിലെ കൊയിജുമൻതാപി ജില്ലയിലുണ്ടായ വെടിവെയ്പിൽ 4 പേർ കൂടി കൊല്ലപ്പെട്ടിരുന്നു. ഗ്രാമത്തിന് കാവൽനിന്നവർക്കാണ് വെടിയേറ്റത്. ഇതിൽ ഒരാളുടെ തലയറുത്ത നിലയിലാണെന്നും പൊലീസ് പറയുന്നു. ഇവർക്ക് നേരെ ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല.
കലാപം തുടങ്ങി മേയ് 3 മുതൽ ഇതുവരെ 120-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാണെന്നാണ് റിപ്പോർട്ട്.