ഇസ്‌ലമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ 200ൽ അധികം അനുയായികൾ അറസ്റ്റിലായതായി റിപ്പോർട്ടുകൾ.
ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രിക് ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പുറമേ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡു നടത്തുകയും ചെയ്തു.
ഇമ്രാൻ ഖാനെ അറസ്റ്റുചെയ്യാനെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ ഇമ്രാൻ ഖാന് ഒപ്പമുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തോക്കുകൾ തട്ടിപ്പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്. അതേസമയം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് പാർലമെന്‍റ് പിരിച്ചു വിടുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഇടക്കാല സർക്കാരിനെ നിയോഗിക്കുമെന്നാണ് വിവരം. കാലവധി പൂർത്തിയാവാൻ 3 ദിവസം ബാക്കി നിൽക്കെയാണ് പിരിച്ചുവിടൽ. കാലാവധി അവസാനിക്കും മുൻപേ പാർലമെന്‍റ് പിരിച്ചു വിട്ടാൽ 90 ദിവസത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് നടത്തിയാൽ മതി.
അല്ലാത്ത പക്ഷം 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കണം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അഞ്ചുവർഷത്തേക്ക് ഇമ്രാൻ ഖാനെ വിലക്കിയിട്ടുണ്ട്.