തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസിനെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും ശ്രമിച്ചെന്ന പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം വിന്‍സന്റ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തോമസ് കെ തോമസിന്റെ ഡ്രൈവറായി ജോലി ചെയ്തുവന്ന വ്യക്തിയെ സ്വാധീനിച്ച് റജി ചെറിയാന്‍ എന്നയാള്‍ എംഎല്‍എയെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും പദ്ധതിയിട്ടിരുന്നതായാണ് പരാതി.
പരാതി കഴിഞ്ഞ 7ന് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചതായും അന്വേഷത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി മുഖാന്തിരം ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും തുടർന്ന് അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍പ് എംഎല്‍എ നല്‍കിയ പരാതിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയതില്‍ പൊലീസിന്റെ ഭാഗത്ത് തുടര്‍നടപടി ആവശ്യമില്ലായെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു എന്നതാണ് ലഭ്യമായിട്ടുള്ള വിവരം.
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിനു മാതൃകയാണ്. കൃത്യമായ ക്രമസമാധാനപാലന ശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരളാ പൊലീസിന്റെ പ്രത്യേകതകളാണ്.
മുഖ്യമന്ത്രി പറഞ്ഞു.തെളിയിക്കപ്പെടില്ലെന്ന് കരുതിയ പല കേസുകളും തെളിയിക്കാനും പൊലീസിനു ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നവര്‍ രക്ഷപ്പെടില്ല എന്ന് ഉറപ്പാവുന്ന അവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു.
എംഎല്‍എ നല്‍കിയ പരാതി പരിശോധിച്ച് അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി കൈക്കൊള്ളുന്നതിനും എംഎല്‍എയ്ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.