നാഗ്‌പുർ: ഒരാഴ്‌ച മുൻപ് കാണാതായ ബി.ജെ.പി മഹാരാഷ്ട്ര ന്യൂനപക്ഷ വിഭാഗം മേധാവി സന ഖാനെ ഭർത്താവ് കൊലപ്പെടുത്തിയതായി ജബൽപൂർ പൊലീസ്.
ഭർത്താവ് അമിത് എന്ന പപ്പു സാഹുവിനെ ജബൽപൂർ – നാഗ്‌പൂർ പൊലീസ് സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്‌തു. അമിതിനെ കാണാൻ നാഗ്‌പൂരിൽ നിന്ന് മധ്യപ്രദേശിലെ ജബൽപൂരിലേക്ക് പോയ സന രണ്ട് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു.
മദ്യക്കടത്ത് ബിസിനസിൽ ഏർപ്പെട്ടിരുന്ന അമിത് ജബൽപൂരിന് സമീപം വഴിയോര ഭക്ഷണശാല നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും അമിതും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ചോദ്യം ചെയ്യലിൽ സനയുടെ കൊലപാതകം അമിത് സമ്മതിച്ചു. സ്വന്തം വീട്ടിൽ വെച്ച് സനയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.
പിന്നീട് ജബൽപൂരിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഹിരൺ നദിയിൽ മൃതദേഹം ഉപേക്ഷിച്ചതായും ഇയാൾ സമ്മതിച്ചു.