ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. വിവിധ ഇടങ്ങളിൽ കലാപം തുടരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബുധനാഴ്ച രണ്ടിടങ്ങളിൽ വെടിവെയ്പ്പുണ്ടായതായി വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
നാലു ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. അതേസമയം, കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്.
ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക. മണിപ്പൂർ സംഘർഷം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കേസുകൾ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദേശം. അക്രമികളുമായി പൊലീസ് ഒത്തുകളിച്ചെന്ന വാദത്തിലും അന്വഷണത്തിന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
കോടതിയുടെ മുമ്പിലെത്തിയിരിക്കുന്ന ഈ രണ്ടു റിപ്പോർട്ടുകളും ഒക്ടോബർ 13ന് പരിഗണിക്കും. നിലവിൽ മണിപ്പൂരിലെ സംഘർഷത്തിന് യാതൊരു അയവുമില്ല.