Timely news thodupuzha

logo

ഗുരോ സ്വസ്തി മാതൃകയിലുള്ള വികസനം നമുക്കുവേണ്ട, ഡോ.കുര്യൻ ചെറുശ്ശേരി എഴുതുന്നു

തൊടുപുഴ: കെ-റെയിൽ പദ്ധതിയെക്കുറിച്ച് അധികാരികളിൽ നിന്ന് പല അഭിപ്രായങ്ങൾ പലപ്പോഴായി കേൾക്കാറുണ്ട്. എന്തുവിലകൊടുത്തും മുൻനിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പിലാക്കും. അതല്ല, രൂപവും ഭാവവും മാറ്റി നടപ്പിലാക്കും. അതും ഇല്ല. തത്കാലം പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ല. എങ്കിലും ഒരുകാലത്ത് ഇത് നടപ്പിലാക്കും. ഇതൊക്കെ അവയിൽ ചിലതു മാത്രം.

ഇങ്ങനെ ഭാവി നടത്തിപ്പിനെക്കുറിച്ച് ഇടയ്ക്കിടെ മാറ്റിയും മറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്ന കെ-റെയിൽ പദ്ധതി, ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിഴിഞ്ഞം പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും അവയുടെ നടത്തിപ്പുരീതികളെകുറിച്ചുമൊക്കെ അറിയുകയും അറിഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുകയും പലർക്കും പല സംശയങ്ങൾ ഉണ്ടാകാറുണ്ട്. യഥാർത്ഥത്തിൽ നാടിന്റെയും നാട്ടുകാരുടെയും വികസനം എന്നതിൽ ഉപരിയായി മറ്റാരുടെയെങ്കിലും ക്ഷേമവും വികസനവും ഇവയുടെയൊക്കെ പിന്നിലുണ്ടോ? ഇതാണ് ഒരു പ്രധാന സംശയം.

യൂദാസിന്റെ ചുംബനം

 ഗുരുവിനെ ഒറ്റിക്കൊടുക്കുവാനായി യൂദാസ് നടത്തിയ ചുംബനത്തെക്കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. ഗുരുവിനോടൊത്ത് ജീവിക്കുകയും ഗുരുവിൻറെ മഹത്വം മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ശിഷ്യനായിരുന്നു യൂദാസും. 

   എങ്കിലും അയാളുടെ കണ്ണും കരളും പണസഞ്ചിയിൽ ഉടക്കിയപ്പോൾ അതുവരെ അറിഞ്ഞിരുന്നതെല്ലാം അയാൾ മറന്നു; ഗുരുവിനെയും മറന്നു. ഗുരുവിനോടുണ്ടായിരുന്ന സ്നേഹബന്ധങ്ങൾ മുഴുവൻ ദ്രവ്യമോഹത്തിൽ ഒലിച്ചു പോയി.

 താൻ ഇനി ചെയ്യാൻ പോകുന്ന പ്രവൃത്തി എത്രയോ ഹീനമാണെന്ന് അയാൾക്ക് അറിയാമായിരുന്നു. ആ പ്രവൃത്തി മൂലം ഉണ്ടാകാൻ പോകുന്ന ദുരന്ത ഫലങ്ങൾ എത്രയോ വേദനാജനകവും ഭയാനകവും ആയിരിക്കുമെന്നും അവനറിയാമായിരുന്നു. എങ്കിലും അതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ യൂദാസ ഗുരുവിനെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തു. പ്രതിഫലം വെറും മുപ്പത് വെള്ളിക്കാശ്! മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രതിഫലം പറ്റി കൊണ്ട് ഗുരുവിനെ ഒറ്റിക്കൊടുക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലേക്ക് യൂദാസിനെ മാറ്റിയെടുക്കാൻ സ്വാർത്ഥമോഹം വച്ചു കരുക്കൾ നീക്കിയ ശത്രുക്കൾക്ക് കഴിഞ്ഞു. 

ഒറ്റിക്കൊടുക്കുവാൻ വേണ്ടി യൂദാസ് കണ്ടുപിടിച്ച മാർഗ്ഗത്തിലും ഉണ്ടായിരുന്നു ഏറെ അധമമായ മറ്റൊരു കാപട്യം. ഇതാണ് ഞാൻ കാണിച്ചു തരാമെന്ന് സമ്മതിച്ചിരുന്ന യേശുവെന്ന് സത്യസന്ധതയോടുകൂടി പറഞ്ഞ് ഗുരുവിനെ ശത്രുക്കൾക്ക് കാണിച്ചുകൊടുക്കുകയല്ല ചെയ്തത്. പകരം ‘ഗുരോ സ്വസ്തി’ എന്നുപറഞ്ഞുകൊണ്ട് സ്നേഹാദര നാട്യത്തോടെ ശത്രുവിനെ ചുംബിക്കുകയാണ് ചെയ്തത്. മുൻധാരണപ്രകാരം നിഗൂഢ ലക്ഷ്യത്തോടെ നടത്തിയ ആ ചുംബനത്തിലൂടെ യേശുവിനെ ശത്രുക്കൾക്ക് പിടിക്കുന്നതിനും അവരുടെ ആഗ്രഹം പോലെ കാര്യങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള അവസരം തുറക്കപ്പെട്ടു.

 ഒരു ചുംബനത്തിലൂടെ യേശുവിനെ കാണിച്ചുതരാം. അപ്പോൾ അദ്ദേഹം രക്ഷപ്പെട്ടു പോകാതെ ബന്ധിച്ചു കൊള്ളണം എന്ന മുന്നറിയിപ്പ് പോലും യൂദാസ് ശത്രുക്കൾക്ക് നൽകിയിരുന്നു. അതിനുശേഷം ആണ് വലിയ കാപട്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചുവച്ചു കൊണ്ട് യൂദാസ് അന്നവിടെ ആ ചുംബന നാടകം നടത്തിയത്. 

   സ്നേഹവും ബഹുമാനവും നടിച്ചുകൊണ്ട് ഗുരുവിനെ ചുംബിക്കുമ്പോൾ തൻറെ യഥാർത്ഥ ഉള്ളിലിരിപ്പ് എന്താണെന്ന് ആർക്കും മനസ്സിലാകാൻ പോകുന്നില്ല. യഥാർത്ഥത്തിലുള്ള ഗുരുഭക്തി ആയി മാത്രമേ ആളുകൾ കാണുകയുള്ളൂ. ശത്രുക്കൾക്കിടയിൽ വച്ചുപോലും ഗുരുവിനെ സ്നേഹപൂർവ്വം ആദരിക്കുവാൻ ധൈര്യം കാണിച്ച ശിഷ്യനായി മറ്റുള്ളവർ വിചാരിച്ചുകൊള്ളും. ഇത്തരത്തിലുള്ള ചില മണ്ടൻ കണക്കുകൂട്ടലുകളും ഒരുപക്ഷേ അന്ന് യൂദാസ് നടത്തിയിരിക്കാം. 

യൂദാസിന്റെ പ്രവൃത്തി ആവർത്തിക്കുകയല്ലേ?

 യൂദാസിന്റെ ചുംബന നാടകം രണ്ടായിരത്തോളം ആണ്ടുകൾക്കിപ്പുറം നടന്ന ഒരു ചരിത്ര സംഭവമാണ്. എന്നാൽ അതിനോടു സാമ്യമുള്ള ചില സംഭവങ്ങൾ ഇന്ന് ലോകത്ത് പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. വികസനം എന്ന പേരിൽ അവിടെയൊക്കെ നിർബന്ധപൂർവ്വം നടപ്പിലാക്കുന്ന ചില പദ്ധതികൾക്ക് പിന്നിൽ യൂദാസിന്റെ താൽപ്പര്യം കൂടി ഇല്ലേ എന്ന് ഇന്ന് നിരവധിയാളുകൾക്ക് സംശയമുണ്ട്. 

 യൂദാസ് എന്ന ഗുരോ സ്വസ്തി എന്ന നാടകത്തിൻറെ മറപിടിച്ചുകൊണ്ട് യേശുവിനെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തു. അതോടെ യേശു ശത്രുകരങ്ങളിലായി, ബന്ധിതനുമായി. അവിടെ അവർ യേശുവിൻറെ മേൽ നിർദയം പലമർദ്ദനങ്ങൾ നടത്തി. അതുമരണം വരെ തുടർന്നു. അന്നു യൂദാസ് ചെയ്തതുപോലെ ഇന്ന് ലോകമെമ്പാടുമുള്ള ഭരണാധികാരികളിൽ ചിലർ വികസനം എന്ന മറപിടിച്ചു കൊണ്ട് നിരവധി സാധുജനങ്ങളെ ചില വൻകിട കോർപ്പറേറ്റുകൾക്ക് ഒറ്റ കൊടുക്കുന്നുണ്ട്. അങ്ങനെ ഒറ്റി കൊടുക്കുന്നതോടെ ഈ സാധു ജനങ്ങളും ബന്ധനസ്ഥരായി തീരുകയാണ്. അതോടെ ജീവനും സ്വത്തിനും വേണ്ട സംരക്ഷണത്തിനുള്ള ഉറപ്പ് അവർക്ക് നഷ്ടമാകുന്നു. തുടർന്ന് പലവിധ പീഡനങ്ങൾക്ക് അവർ വിധേയരാവുകയും ചെയ്യുന്നു. സ്നേഹ ചുംബനത്തിന്റെ മറവിലും വികസനം എന്ന ലേബലിന്റെ മറവിലും ഒറ്റിക്കൊടുക്കൽ നടക്കുന്നതിനാൽ അവരുടെ ഗൂഢലക്ഷ്യങ്ങൾ ആരും തിരിച്ചറിയില്ല എന്ന് അവർ കരുതുന്നുണ്ടാവാം; കണ്ണടച്ചു പാലുകുടിക്കുന്ന പൂച്ചയുടെ വിചാരംപോലെ. 

ചില ലക്ഷണങ്ങൾ

വികസന പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അവയ്ക്ക് പൊതുജനങ്ങളുടെ മുന്നിൽ നിരത്തുന്ന ചില ലക്ഷ്യങ്ങൾ ഉണ്ടാവും. ആ ലക്ഷ്യങ്ങൾക്കുപരിയായി ചുംബനത്തിന് പിന്നിൽ യൂദാസിനുണ്ടായിരുന്ന ഗൂഢലക്ഷ്യം പോലെ പദ്ധതിയുടെ നടത്തിപ്പുകാർക്ക് മറ്റു ചില സ്വാർത്ഥ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ അത് പദ്ധതി നടപ്പിലാക്കുന്ന രീതികളിൽ നിന്നും തിരിച്ചറിയാം.

പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹരിക്കാൻ പറ്റാത്ത വിധത്തിലുള്ള വലിയ കഷ്ടനഷ്ടങ്ങൾ വളരെയേറെ ജനങ്ങൾക്കുണ്ടാകും എന്നുകണ്ടാലും അത് വകവയ്ക്കാതിരിക്കുക. നിരവധി ആളുകളുടെ യഥാർത്ഥ പ്രശ്നങ്ങൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധികാരികൾ ആത്മാർത്ഥമായി നടപടികൾ എടുക്കാതിരിക്കുക, ജനങ്ങളുടെ ആവലാതികളും വേവലാതികളും ബന്ധപ്പെട്ടവർ പുച്ഛിച്ചു തള്ളുക, പരാതിയോ എതിർപ്പോ പറയുന്നവരെ യാതൊരു അടിസ്ഥാനവുമില്ലാതെ ശത്രുക്കൾ, രാജ്യദ്രോഹികൾ, ഭീകരപ്രവർത്തകർ, തീവ്രവാദികൾ, കലാപത്തിന് ആഹ്വാനം നടത്തുന്നവർ എന്നൊക്കെ ചിത്രീകരിക്കുക, അവരെ കള്ള കേസുകളിൽ കുടുക്കുക ഇങ്ങനെയുള്ള സവിശേഷതകളുടെയാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത് എങ്കിൽ ആ പ്രവർത്തനങ്ങൾക്ക് പിന്നിൽ യൂദാസിന്റെ ചുംബന ലക്ഷ്യം ഉണ്ടാകുവാൻ സാധ്യത ഏറെയുണ്ട്. ഇപ്പറഞ്ഞ ലക്ഷണങ്ങളിൽ പലതും ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ കെ-റെയിൽ, വിഴിഞ്ഞം പദ്ധതികൾക്ക് ഉള്ളതായി കാണാം.

ഗാന്ധിജിയുടെ താലിസ്മാൻ

 ഒരു തീരുമാനമോ നടപടിയോ എടുക്കേണ്ടി വരുമ്പോൾ അതിൻറെ ശരിതെറ്റുകളെക്കുറിച്ച് സംശയങ്ങളുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ സംശയം ദുരീകരിച്ച് ശരിയായ തീരുമാനങ്ങളിൽ എത്തിച്ചേരുവാൻ ആശ്രയിക്കാവുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് ഗാന്ധിജി പറയുന്നുണ്ട്. ഏതൊരാൾക്കും ഉപയോഗിക്കാവുന്ന ഒരു ടെസ്റ്റ് ആണിത്. ഏതെങ്കിലും പൊതുജനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയുംചെയ്യേണ്ട ഭരണാധികാരികൾക്കാണ് ഇത് ഏറെ പ്രയോജനം ചെയ്യുക. ഗാന്ധിജിയുടെ താലിസ്മാൻ എന്നാണിതറിയപ്പെടുന്നത്. 

 അതിൽ പറയുന്നത് ഇപ്രകാരമാണ്. നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തനത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് സംശയമുണ്ടാകുന്ന സന്ദർഭത്തിൽ നമ്മൾ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദരിദ്രനും ദുർബലനുമായ വ്യക്തിയുടെ മുഖം മനസ്സിൽ കാണണം. എന്നിട്ട് സ്വയം ഇങ്ങനെ ചോദിക്കണം - നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങൾ ആ വ്യക്തിയെ എങ്ങനെയാണ് ബാധിക്കുവാൻ പോകുന്നത്? ഇതുകൊണ്ട് അവനെ എന്തെങ്കിലും നേട്ടമുണ്ടാകുമോ? ആ വ്യക്തിയുടെ ജീവിതത്തിലെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും കുറച്ചെങ്കിലും പരിഹാരം ഉണ്ടാക്കുവാൻ ഈ നടപടി സഹായിക്കുമോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ എടുക്കാൻ പോകുന്ന തീരുമാനങ്ങളുടെ ശരിതെറ്റുകളെ വിലയിരുത്തണം എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. മനസ്സിൽ കാണാൻ ഗാന്ധിജി പറയുന്ന മുഖം ഒരു പദ്ധതി തുടങ്ങുമ്പോൾ അതിൻറെ പരിധിക്കുള്ളിൽ വരുന്നവരിൽ ഏറ്റവും ദുർബലരും ദരിദ്രരും അയവരുടെ മുഖമായി കണക്കാക്കാം. അങ്ങനെയുള്ളവർക്ക് പദ്ധതികൊണ്ടുള്ള ഗുണം ഒന്നും ഉണ്ടാകില്ല എന്നുകണ്ടാൽ പദ്ധതി പെട്ടെന്ന് ഉപേക്ഷിക്കണമെന്നില്ല. പകരം അവർക്ക് കൂടി ഗുണം ഉണ്ടാകുന്ന ലഭിക്കുന്ന വിധത്തിൽ പ്രവർത്തനങ്ങളിൽ  എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് ആത്മാർത്ഥമായി ആലോചിക്കണം. അതുപോലെ മനസ്സിൽ കാണുന്ന മുഖങ്ങളിൽ ആർക്കെങ്കിലും പദ്ധതിമൂലം എന്തെങ്കിലും സങ്കടങ്ങളോ കഷ്ടനഷ്ടങ്ങളോ ഉണ്ടാകനിടയുള്ളതായി കണ്ടാൽ അവ പരിഹരിക്കണം. അവരുടെ സങ്കത്തിന്റെ സ്ഥാനത്ത് സ്ഥിരമായ സന്തോഷം ഉണ്ടാകുവാനുള്ള തിരുത്തലുകൾ വരുത്തണം. കഷ്ടനഷ്ടങ്ങളുടെ സ്ഥാനത്ത് പ്രയോജനങ്ങളും നേട്ടങ്ങളും ഉറപ്പാക്കാൻ വേണ്ട നടപടികളും സ്വീകരിക്കണം. 

  ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുകൊണ്ട് തീരുമാനങ്ങൾ എടുത്തിരുന്നുവെങ്കിൽ ഇപ്പോൾ സംസ്ഥാനത്തും രാജ്യത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ ചിലതിന്റെ കാര്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുർഗതി വരില്ലായിരുന്നു. ഇക്കാര്യങ്ങൾ ഒക്കെ കണക്കിലെടുക്കാതെ നടപ്പിലാക്കുന്ന പദ്ധതികളെ വികസന പ്രവർത്തനങ്ങൾ ആയി കാണാനും കഴിയില്ല.

Leave a Comment

Your email address will not be published. Required fields are marked *