തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ(34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
നാല് മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സത്താറാണ്. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പം കുടുംബ ബന്ധവും ബിസിനസും തകർത്തതാണ് കൊലപ്പെടുത്താനുള്ള കാരണമെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു.
2018 മാർച്ച് 27നാണ് രാജേഷിനെ കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം വെട്ടിക്കൊന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഇയാളുടെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇയാൾ പിന്നീട് മൊഴിമാറ്റി.കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻപാട്ട് സംഘാംഗങ്ങളായിരുന്നു രാജേഷും കുട്ടനും. ഇരുവരും ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിശീലനം നടത്തുന്നതിനിടെ പുലർച്ചെ രണ്ടോടെ പ്രതികൾ രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലെത്തി. ആ ദ്യം കുട്ടനെയും പിന്നീട് രാജേഷിനെയും വെട്ടി.
പതിനഞ്ചിലേറെ തവണയാണ് രാജേഷിനെ വെട്ടിയത്. തുടർന്ന്, രാജേഷിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ചുവന്ന കാറിലെത്തിയ സംഘമാണ് കൊലനടത്തിയത് എന്നുമാത്രമാണ് പൊലീസിനു ലഭിച്ച തുമ്പ്. രാജേഷിന് ശത്രുക്കൾ ഉള്ളതായി നാട്ടുകാർക്കും വീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് ഖത്തറിലുള്ള യുവതിയുമായി രാജേഷിനുള്ള സൗഹൃദത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
മുമ്പ് ഖത്തറിൽ ജോലിചെയ്തിരുന്ന രാജേഷ് അവിടെവച്ചാണ് സത്താറിന്റെ ഭാര്യയുമായി അടുപ്പത്തിലായത്. കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടിൽ സ്വദേശി മുഹമ്മദ് സാലിഹെന്ന സാലി ഖത്തറിൽനിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
സാലി തന്റെ സുഹൃത്തും സാത്താൻ ചങ്ക്‌സെന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനുമായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പുവിനെ കൂട്ടുപിടിച്ചു. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.