Timely news thodupuzha

logo

1.60 കോടി രൂപ തട്ടിപ്പ് നടത്തിയ കളത്തിപ്പടി ഐ.സി.ഐ.സി.ഐ ബാങ്ക് മനേജർ അറസ്റ്റിൽ

കോട്ടയം: വടവാതൂർ കളത്തിപ്പടി ഐ.സി.ഐ.സി.ഐ ബാങ്കിൽ വൻ തട്ടിപ്പ്. സിംഗപ്പൂരിൽ താമസിക്കുന്ന മലയാളികളായ മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജരെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാങ്കിന്റെ കളത്തിപ്പടി ബ്രാഞ്ചിലും ഏറ്റുമാനൂർ ബ്രാഞ്ചിലും നിക്ഷേപമുള്ള പുതുപ്പള്ളി സ്വദേശികളായ മലയാളി ദമ്പതിമാരുടെ അക്കൗണ്ടിൽ നിന്നാണ് ക്രമക്കേട് നടന്നത്.

പ്രവാസി മലയാളികളുടെ അക്കൗണ്ടുകൾ അടക്കം കൈകാര്യം ചെയ്തിരുന്നത് ഇവരുമായി അടുപ്പമുണ്ടായിരുന്ന മാനേജരായിരുന്നു. ഈ മാനേജരാണ് അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപയുടെ ക്രമക്കേട് നടത്തിയത്.

തുടർന്ന് അക്കൗണ്ട് ഉടമകൾ തങ്ങളുടെ അക്കൗണ്ടിലെ ക്രമക്കേടുകൾ സംബന്ധിച്ച് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ശരിയെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ബാങ്ക് മാനേജർ 22 ലക്ഷം രൂപ ബാങ്കിൽ തിരികെ അടച്ചു.

എന്നാൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്ക്, ബ്രാഞ്ച് മാനേജർക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ‌‌

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *