Timely news thodupuzha

logo

സുരേഷ് ഗോപിക്ക്, മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്.

ഹർജിയിൽ സർക്കാറിനോട് ഇന്ന് നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു.

മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പർശിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. കുറ്റപത്രത്തിൽ ഐപിസി 354ആം വകുപ്പ് കൂടി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്.

തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഈ വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതിയുടെ അവധിക്കല ബെഞ്ച് ഇന്ന് പരിഗണിക്കും.

സംഭവം വിവാദമായതോടെ താൻ ആരെയും അപമാനിച്ചിട്ടില്ലെങ്കിലും, മാധ്യമ പ്രവർത്തകയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ മാപ്പു പറയുന്നുവെന്നു സുരേഷ് ഗോപി പിന്നീട് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നെങ്കിലും, ഇതു മാപ്പ് പറച്ചിലായി കണക്കാക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഒക്‌ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനു ശേഷം മറ്റൊരു മാധ്യമ പ്രവർത്തകയെ ക്ഷുഭിതനായി അകറ്റി നിർത്തുകയും ചെയ്തിരുന്നു സുരേഷ് ഗോപി.

Leave a Comment

Your email address will not be published. Required fields are marked *