ന്യൂഡൽഹി: ഖത്തറിൽ ചാരവൃത്തി ആരോപിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം.
ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തി. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു. ഇവരെ വെറുതേവിട്ട ഖത്തർ അമീറിന്റെ നിലപാടിൽ ഇന്ത്യ നന്ദി അറിയിച്ചു.
തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാർ, ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത എന്നിവരെയാണ് മോചിപ്പിച്ചത്.
ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ഒമാൻ കമ്പനിയായ അൽ ദാഹ്ര ഗ്ലോബലിൽ ജോലിചെയ്‌തിരുന്ന എട്ട് പേരാണ് 2022 ആഗസ്‌തിൽ ഖത്തറിൽ പിടിയിലായത്.