Timely news thodupuzha

logo

സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു

കോവളം: വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായി നിയന്ത്രണമില്ലാതെ പായുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിന്റെ ദുരന്തംപേറുന്ന അധ്യാപിക സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി സന്ദർശിച്ചു.

വ്യാഴാഴ്ച വൈകിട്ട്‌ വീട്ടിലെത്തിയ മന്ത്രി അപകടത്തെയും ചികിത്സയെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. ജോലി സംബന്ധമായ കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും ചികിത്സാ ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്കും തനിക്കും റിപ്പോർട്ടായി നൽകാനും നിർദേശിച്ചു.

ഇത്രയും ഗുരുതരമായ അപകടം നടന്നിട്ടും അദാനി തുറമുഖ കമ്പനിയിൽനിന്നും ഒരാൾ പോലും കാര്യങ്ങൾ അന്വേഷിച്ചില്ലെന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ(എം) കോവളം ഏരിയ സെക്രട്ടറി പി.എസ് ഹരികുമാർ, വെങ്ങാനൂർ ലോക്കൽ സെക്രട്ടറി കെ മുരളി, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, പഞ്ചായത്തംഗം പ്രമീള എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഡിസംബർ 19നാണ്‌ സന്ധ്യാറാണിയുടെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടാകുന്നത്. തുടർന്ന് വലതു കാൽ മുറിച്ചു മാറ്റി. അഞ്ചു വയസ്സുള്ള മകൻ റിയോയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാണിച്ച് തിരികെ വെങ്ങാനൂരിലെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം.

സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നെയ്യാറ്റിൻകര ആർ.റ്റി ഓഫീസ് വെഹിക്കിൾ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ ഭാര്യയാണ് സന്ധ്യാറാണി.

Leave a Comment

Your email address will not be published. Required fields are marked *