ഇടുക്കി: യുവാക്കൾക്കിടയിൽ എയ്ഡ്‌സ് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് കൺട്രോൾ യൂണിറ്റിന്റെയും സഹകരണത്തോടെ ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു.
വാഴത്തോപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ നേഴ്‌സിങ് കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ് , ഗവൺമെൻറ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. എച്ച്.ഐ.വി പകരുന്നതെങ്ങനെ, എച്ച്.ഐവിയുമായി ബന്ധപ്പെട്ട മിഥ്യകളും തെറ്റിദ്ധാരണകളും ഹെൽപ്പ് ലൈൻ നമ്പർ 10 97, എച്ച്.ഐ.വി ആക്റ്റ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഫ്ലാഷ്മോബ് മത്സരത്തിൽ ഒന്നു മുതൽ അഞ്ച് സ്ഥാനം വരെ നേടിയ വിജയികൾക്ക് 5000,4500 4000 ,3500 ,3000 രൂപ വീതം സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ജില്ലാ ടിബി ഓഫീസർ സാറ ആൻ ജോർജ്, പൾമണോളജിസ്റ്റ് ഡോ.ജോസ് ഡി മുണ്ടിയത്ത് , ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആൻറണി, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർ ഷൈലാഭായി വി.ആർ, നാഷണൽ ഹെൽത്ത് മിഷൻ ജൂനിയർ കൺസൾട്ടൻറ് ജിജിൽ മാത്യു എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വിഭാഗം ജീവനക്കാർ ജില്ലാ ടി ബി സെൻററിൽ നിന്നുള്ള ജീവനക്കാർ വിവിധ കോളേജിൽ നിന്നുള്ള അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.