Timely news thodupuzha

logo

ഇന്ന് ഇന്ത്യ ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണെന്ന് എം.വി ഗോവിന്ദന്‍

കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

ഫാസിസത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍.എസ്.എസ് സ്വീകരിക്കുന്നതെന്നും മത രാഷ്ട്രമാണ് ബി.ജെ.പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ മത രാഷ്ട്രമാക്കുകയെന്ന ഹിന്ദുത്വ അജണ്ടയിലേയ്ക്കുള്ള കൈവഴിയാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യയെ മത രാഷ്ട്രമാക്കുകയെന്ന നിലപാടിനോട് ഗാന്ധിജി വിയോജിച്ചതു കൊണ്ടാണ് അദ്ദേഹത്തെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ കൊലപ്പെടുത്തിയത്.

മഹാത്മാ ഗാന്ധിയെ കൊന്നത് യാദൃശ്ചികമല്ല. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ സ്വീകരിച്ച വംശശുദ്ധി നയം ഇന്ത്യയില്‍ പിന്തുടരണം എന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്.

വംശ ശുദ്ധിക്കു വേണ്ടി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും കൊല്ലപ്പെടുത്തണമെന്നാണ് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം. ആര്‍.എസ്.എസ് – ബി.ജെ.പിയുടെ ടാര്‍ജറ്റ് കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ടറല്‍ ബോണ്ട് വിവരം പുറത്തുവരാന്‍ പോകുമ്പോഴാണ് പൗരത്വ ഭേദഗതി ചട്ടം പ്രസിദ്ധീകരിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല.

ഇന്ത്യയുടെ മൗലികമായ രൂപഭാവങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമം.കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടന വേളയും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയ്ക്ക് മറ്റൊരു ഉദാഹരണം. കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്താല്‍ അത് നേതൃത്വം തന്നെ ലംഘിക്കുന്നു.

സംഘടനാപരമായ കരുത്തില്ലായ്മയാണ് അതിനു കാരണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി മണ്ഡലത്തിലേയ്ക്ക് കോടികള്‍ ഒഴുക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *