
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യഹർജി കോടതി തള്ളി.
ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്. മകന്റെ പൊതു പരീക്ഷ പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കവിത കോടതിയെ സമീപിച്ചത്.
തെളിവുകൾ നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ കാര്യങ്ങൾ ഉയർത്തി ഇടക്കാല ജാമ്യത്തെ ഇഡി എതിർക്കുകയായിരുന്നു.
അതേസമയം ചോദ്യം ചെയ്യാൻ സി.ബി.ഐയെ അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കോടതിയെ സമീപിച്ചിട്ടുണ്ട്.
കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് സി.ബി.ഐ യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് കവിതയുടെ അഭിഭാഷകൻ പറഞ്ഞു.
ഇ.ഡി, സി.ബി.ഐ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജയാണ് സി.ബി.ഐക്ക് അനുമതി നൽകിയത്. മാർച്ച് 15ന് ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായ കവിത നിലവിൽ തിഹാർ ജയിലിലാണ്.