തൊടുപുഴ: മുട്ടത്ത് ജില്ലാ കോടതിയോട് അനുബന്ധിച്ച് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കുടുംബ കോടതിയുടേയും ജില്ലക്ക് അനുവദിച്ച മൊബൈൽ ഇ – സേവ കേന്ദ്രം പദ്ധതിയുടേയും ഉദ്ഘാടനം 25ന് രാവിലെ 9.40ന് നടത്തപ്പെടുമെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ശശികുമാർ പി.എസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഹൈക്കോടതി ജഡ്ജ് സി.എസ് ഡയസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുടുംബ കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായിയും മൊബൈൽ ഇ – സേവാ കേന്ദ്രം ഹൈക്കോടതി ജഡ്ജ് മുഹമ്മദ് മുഷ്താക്കും ഉദ്‌ഘാടനം ചെയ്യും.
വിവിധ കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിർവേറ്റുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച മൾട്ടി പർപ്പസ് വാഹനമാണ് മൊബൈൽ ഇ – സേവാ കേന്ദ്രം. ഇ – സേവാ സേവനങ്ങൾ, മൊബൈൽ വീഡിയോ കോൺഫറൻസിങ്ങ്, ജില്ലയിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മൊബൈൽ ഇ – സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം, മൊബൈൽ കോടതിയായി പ്രവർത്തിക്കൽ, ലീഗൽ സർവീസസ് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ, നിയമ ബോധവൽക്കരണം, സാക്ഷി മൊഴി രേഖപ്പെടുത്തൽ കേന്ദ്രം, പെറ്റി കേസുകൾ വി.സി സൗകര്യം മുഖേനയോ നേരിട്ടോ വേഗത്തിൽ തീർപ്പാക്കൽ, വിപുലീകരിച്ച പ്രവർത്തന സമയം, ഡിജിറ്റയ്സേഷൻ പ്രവർത്തനങ്ങൾ, ക്യാമ്പ് സിറ്റിംഗ്, പരിശീലന ഹാൾ, ഹേബിയസ് കോർപ്പസിന്റെ പ്രവർത്തനങ്ങൾ, സ്റ്റുഡിയോ കോടതി മുറി / വി.സി മുറി എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് മൈബൈൽ ഇ – സേവാ കേന്ദ്രത്തിലൂടെ പ്രവർത്തിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ അഡീഷണൽ ജില്ലാ ജഡ്ജ് കെ.എൻ ഹരികുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: എം.എം തോമസ്, ബാർ കൗൺസിൽ മെമ്പർ അഡ്വ: ജോസഫ് ജോൺ, ബാർ അസോസിയേഷൻ സെക്രട്ടറി സെജോ ജെ എന്നിവരും പങ്കെടുത്തു.