മൂന്നാർ: വിനോദ സഞ്ചാരികൾക്കും, പ്രദേശ വാസികൾക്കും ഭീഷണിയായി കാട്ടാന പടയപ്പ. മൂന്നാർ കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ ഒറ്റയാൻ വാഹനങ്ങൾ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.
മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധം റോഡിനു നടുവിൽ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങി. ആന പാഞ്ഞടുത്തെങ്കിലും എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.