Timely news thodupuzha

logo

ഹത്രസ് ദുരന്തം, മരണ സഖ്യ 130 കടന്നു

ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ സത്സംഗ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 കടന്നു. ഇതിൽ 100 സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടും.

116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

അപകടസ്ഥലം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനം നടത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

സംഭവത്തിൽ യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. മൃതദേഹങ്ങളും വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് മരണങ്ങളെന്ന് അധികൃതർ അറിയിച്ചു.

ഫൂൽറായി ഗ്രാമത്തിൽ ഇന്നലെ(ജൂലൈ 2) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സകാർ വിശ്വ ഹരി, ഭോലെ ബാബ എന്ന പേരുകളിൽ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സകാർ ഹരിയുടെ നേതൃത്വത്തിലുള്ള പ്രാർഥനാ – പ്രഭാഷണ പരിപാടിയാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ കലാശിച്ചത്.

മാനവ മംഗൾ മിലാൻ സദ്ഭാവനാ സംഗം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 80,000 ആളുകൾക്ക് മാത്രമായിരുന്നു മുൻകൂർ അനുമതി വാങ്ങിയിരുന്നത്.

എന്നാൽ പരിപാടിയിൽ 2.5 ലക്ഷത്തോളം ആളുകൾ എത്തിയിരുന്നു. സത്സംഗവേദിയെക്കാൾ ഉയർന്നു നിൽക്കുന്ന റോഡിലേക്ക് കയറുന്നിടത്ത് ഓടയുണ്ടെന്നും ഇവിടെയുണ്ടായ തിരക്കാണ് അപകടമുണ്ടാക്കിയതെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

ഭോലെ ബാബയെ കാണാൻ വേണ്ടി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നും ബാബയുടെ കാൽ പതിഞ്ഞ മണ്ണെടുക്കാൻ ചിലർ ശ്രമിച്ചതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. 72 പൊലീസുകാർ മാത്രമാണ് ഇവിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *